രാജ്കോട്ട് : വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം മത്സരത്തിൽ കേരളത്തിന് 40 റണ്‍സിന്‍റെ തോൽവി. ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ മധ്യപ്രദേശാണ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്‌ത മധ്യപ്രദേശ് ഉയർത്തിയ 330 റണ്‍സ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്‍തുടര്‍ന്നിറങ്ങിയ കേരളം 49.4 ഓവറിൽ 289 റണ്‍സിന് ഓൾ ഔട്ട് ആവുകയായിരുന്നു. വെങ്കിടേഷ് അയ്യരുടെ ഓൾറൗണ്ട് മികവാണ് മധ്യപ്രദേശിന് മികച്ച വിജയം സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശിന് ഓപ്പണർ സിദ്ധാർഥ് പാട്ടിദാറിനെ തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ പിന്നീട് ഒന്നിച്ച അഭിഷേക് ഭണ്ഡാരിയും(49), രജത് പാട്ടിദാറും(49) ചേർന്ന് 101 റണ്‍സിന്‍റെ കൂട്ടുകെട്ടുയർത്തി. പിന്നാലെ ഇരുവരെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി വിഷ്‌ണു വിനോദ് കേരളത്തിന് ആശ്വാസം നൽകി.
എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച വെങ്കിടേഷ് അയ്യരും(112) ശുഭം ശർമ്മയും(82) തകർത്തടിച്ചു. ഇരുവരും ചേർന്ന് 169 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇതോടെ മധ്യപ്രദേശ് 330 എന്ന കൂറ്റൻ സ്കോറിലേക്ക് എത്തി.