കേരളം

kerala

ETV Bharat / sports

Vijay Hazare Trophy : ഛത്തീസ്‌ഗഡിനെ തകർത്ത് കേരളം,പോയിന്‍റ് പട്ടികയിൽ ഒന്നാമത് - Sijomon Joseph took five wickets

അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ സിജോമോൻ ജോസഫാണ് ഛത്തീസ്‌ഗഡിനെ ചെറിയ സ്കോറിൽ ഒതുക്കിയത്

VIJAY HAZARE TROPHY  KERALA BEAT CHATTIGRAH  വിജയ്‌ ഹസാരെ ട്രോഫി  ഛത്തീസ്‌ഗഡിനെ തകർത്ത് കേരളം  വിജയ്‌ ഹസാരെയിൽ കേരളത്തിന് മൂന്നാം വിജയം  സിജോമോൻ ജോസഫിന് അഞ്ച് വിക്കറ്റ്  Sijomon Joseph took five wickets  vijay hazare trophy score
Vijay Hazare Trophy : ഛത്തീസ്‌ഗഡിനെ തകർത്ത് കേരളം, പോയിന്‍റ് പട്ടികയിൽ ഒന്നാമത്

By

Published : Dec 12, 2021, 7:30 PM IST

രാജ്‌കോട്ട് : വിജയ്‌ ഹസാരെ ട്രോഫിയിൽ കേരളത്തിന് മൂന്നാം ജയം. ഗ്രൂപ്പ് ഘട്ടത്തിലെ നാലാം മത്സരത്തിൽ ഛത്തീസ്‌ഗഡിനെ അഞ്ച് വിക്കറ്റിനാണ് കേരളം തകർത്തത്. സ്കോർ- ഛത്തീസ്‌ഗഡ് : 46.2 ഓവറിൽ 189, കേരളം 34.3 ഓവറിൽ 193–5.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഛത്തീസ്‌ഗഡിനെ 189 റണ്‍സിന് ഒതുക്കാൻ കേരളത്തിന് സാധിച്ചു. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ സിജോമോൻ ജോസഫാണ് ഛത്തീസ്‌ഗഡിന്‍റെ നടുവൊടിച്ചത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം ഒരു ഘട്ടത്തിൽ തോൽവി മുന്നിൽ കണ്ടെങ്കിലും വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

മികച്ച തുടക്കം, പിന്നെ തകർച്ച

ആദ്യം ബാറ്റ് ചെയ്‌ത ഛത്തീസ്‌ഗഡിനായി നായകൻ ഹർപ്രീത് സിങ്ങിന് മാത്രമാണ് തിളങ്ങാനായത്. 128 പന്തിൽ 11 ഫോറും ഒരു സിക്‌സും ഉൾപ്പെടെ 98 റണ്‍സാണ് ഹർപ്രീത് നേടിയത്. 32 റണ്‍സെടുത്ത സംജീത് ദേശായി ക്യാപ്‌റ്റന് മികച്ച പിന്തുണ നൽകിയെങ്കിലും മറ്റ് താരങ്ങൾക്ക് കാര്യമായി ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ല.

കേരളത്തിനായി ബേസിൽ തമ്പിയും എംഡി നിധീഷും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി മികച്ച തുടക്കമാണ് ഓപ്പണർമാരായ രോഹൻ കുന്നുമ്മലും(36) അസ്‌ഹറുദ്ദീനും(45) ചേർന്ന് നൽകിയത്. ഇരുവരും ചേർന്ന് 82 റണ്‍സിന്‍റെ ആദ്യവിക്കറ്റ് കൂട്ടുകെട്ട് പടുത്തുയത്തി.

ഇടക്ക് പതറി, പിന്നെ കയറി

ഇതിനിടെ അജയ്‌ മണ്ഡലിന്‍റെ പന്തിൽ രോഹൻ പുറത്തായി. സുമിത് റുയികറിന്‍റെ തൊട്ടടുത്ത ഓവറിൽ അടുത്തടുത്ത പന്തുകളിൽ അസ്ഹറുദ്ദീനും നായകൻ സഞ്ജു സാംസണും(0) പുറത്തായി. പിന്നാലെ സച്ചിൻ ബേബിയും(4) മടങ്ങി. ഇതോടെ കേരളം 89- 4 എന്ന നിലയിൽ പതറി.

ALSO READ:Gautam Gambhir | ഇന്ത്യൻ ടീം രോഹിത്തിന്‍റെ കൈകളിൽ സുരക്ഷിതം,വാനോളം പുകഴ്‌ത്തി ഗംഭീർ

എന്നാൽ പിന്നീട് ഒന്നിച്ച സിജോമോൻ ജോസഫ്(27) വിനൂപ് മനോഹരൻ(54), വിഷ്‌ണു വിനോദ്(26) എന്നിവർ കേരളത്തെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. ഛത്തീസ്‌ഗഡിനായി അജയ് മണ്ഡൽ മൂന്ന് വിക്കറ്റും സുമിത് റൂയ്‌കാർ രണ്ട് വിക്കറ്റും വീഴ്‌ത്തി.

വിജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുമായി കേരളം ഗ്രൂപ്പ് ഡിയിൽ മധ്യപ്രദേശിനെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്കുയർന്നു. ഡിസംബർ 14 ന് ഉത്തരാഖണ്ഡിനെതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ചണ്ഡിഗഡ‍ിനെ തോൽപ്പിച്ച കേരളം 2–ാം മത്സരത്തിൽ കരുത്തരായ മധ്യപ്രദേശിനോട് തോറ്റെങ്കിലും 3–ാം മത്സരത്തിൽ മഹാരാഷ്ട്രയെ കീഴടക്കി.

ABOUT THE AUTHOR

...view details