മുംബൈ:2018ലെ അണ്ടര്‍ 19 ലോകകപ്പിന് പിന്നാലെ ഇന്ത്യന്‍ ടീമിന്‍റെ ഭാവി വാഗ്‌ദാനങ്ങളിലൊരാളായി പല ക്രിക്കറ്റ് വിദഗ്‌ദരും വിലയിരുത്തിയ താരമാണ് പ്രിഥ്വി ഷാ. ലോകകപ്പിന് പിന്നാലെ തന്നെ താരത്തിന് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റത്തിനും അവസരമൊരുങ്ങി. 2018ല്‍ തന്നെ ആദ്യ രാജ്യാന്തര ടെസ്റ്റ് മത്സരത്തിനിറങ്ങിയ ഷായ്ക്ക് ഇതുവരെ അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് ഇന്ത്യന്‍ കുപ്പായത്തില്‍ കളത്തിലിറങ്ങാന്‍ കഴിഞ്ഞത്.
ഈ അഞ്ച് മത്സരങ്ങളിലെ 9 ഇന്നിങ്സില്‍ നിന്ന് 339 റണ്‍സും ഷാ നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറിയുമാണ് താരത്തിന്‍റെ താരത്തിന്‍റെ ടെസ്റ്റ് കരിയറിലുള്ളത്. 2021ല്‍ ജുലൈയില്‍ നടന്ന ടി20 മത്സരത്തിലാണ് താരം അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്.
അതിന് ശേഷം ഇന്ത്യന്‍ യുവതാരത്തിന് വേണ്ട അവസരങ്ങളൊന്നും ലഭിച്ചില്ല. അതേസമയം നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫിയില്‍ അസമിനെതിരെ ട്രിപ്പിള്‍ സെഞ്ച്വറി നേടി റെക്കോഡ് ബാറ്റിങ് പ്രകടനം ഷാ പുറത്തെടുത്തിരുന്നു. മത്സരത്തില്‍ 379 റണ്‍സ് നേടി രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറും, മുംബൈയുടെ ഉയര്‍ന്ന വ്യക്തിഗത സ്കോറും യുവതാരം സ്വന്തം പേരിലാക്കി.
ഇതിന് പിന്നാലെയാണ് പ്രിഥ്വി ഷായെ ഇന്ത്യന്‍ ടീമില്‍ നിന്നും മാറ്റി നിര്‍ത്തുന്നതില്‍ വിമര്‍ശനവുമായി മുന്‍ പേസ് ബോളര്‍ വെങ്കിടേഷ് പ്രസാദ് രംഗത്തെത്തിയത്. 'അപൂർവവും സവിശേഷവുമായ ഒരു പ്രതിഭയാണ് പ്രിഥ്വി ഷാ. അവനെ ടീമിൽ നിന്ന് അകറ്റിനിർത്തുന്ന പ്രശ്‌നങ്ങളുണ്ടാകും.
എന്നാല്‍, താരത്തിന് വേണ്ട അവസരം നല്‍കേണ്ടതും ഫലപ്രദമായ രീതിയില്‍ ആശയവിനിമയം നടത്തേണ്ടതും മാനേജ്‌മെന്‍റിന്‍റെ ജോലിയാണ്. അത് അവനേയും ടീമിനെയും സഹായിക്കും' വെങ്കിടേഷ് പ്രസാദ് പറഞ്ഞു.
രഞ്ജി ട്രോഫിയില്‍ പ്രിഥ്വി ഷാ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ മത്സരത്തില്‍ അസമിനെതിരെ ഒന്നാം ഇന്നിങ്സില്‍ മുംബൈ 4 വിക്കറ്റ് നഷ്‌ടത്തില്‍ 687 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മത്സരത്തില്‍ 383 പന്ത് നേരിട്ടാണ് ഷാ 379 റണ്‍സ് നേടിയത്. 49 ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്.
സ്വപ്‌ന ഇന്നിങ്‌സോടെ മുംബൈക്കായി ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന താരമെന്ന റെക്കോഡ് പ്രിഥ്വി സ്വന്തമാക്കി. സഞ്ജയ് മഞ്ജരേക്കർ 1990-91 സീസണിൽ കുറിച്ച 377 റൺസ് എന്ന റെക്കോഡാണ് ഇന്ത്യന്‍ യുവതാരം മറികടന്നത്. കഴിഞ്ഞ ഏഴു ഇന്നിങ്സുകളിലായി 160 റൺസ് മാത്രമായിരുന്നു താരത്തിന്‍റെ സമ്പാദ്യം.
മിന്നും ട്രിപ്പിള്‍ സെഞ്ച്വറിയോടെ രഞ്ജി ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടിയ രണ്ടാമത്തെ താരമായും ഷാ മാറിയിരുന്നു. 1948/49 സീസണിൽ 443 നേടിയ അന്നത്തെ മഹാരാഷ്ട്ര താരം ബി ബി നിംബാൽക്കറാണ് ഈ പട്ടികയില്‍ ഒന്നാമന്‍. അതേ സമയം അസാമിനെതിരായ മത്സരത്തില്‍ പ്രിഥ്വി ഷായ്‌ക്ക് പുറമെ ക്യാപ്‌റ്റന്‍ അജിങ്ക്യ രഹാനെയും (191) മുംബൈക്കായി മികച്ച പ്രകടനം പുറത്തെടുത്തു.
മുംബൈയുടെ കൂറ്റന്‍ ഒന്നാം ഇന്നിങ്സ് സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ അസാം മൂന്നാം ദിനത്തില്‍ ലഞ്ചിന് പിരിയുമ്പോള്‍ ആറിന് 238 റണ്‍സ് എന്ന നിലയിലാണ്. പത്ത് റണ്‍സുമായി ക്യാപ്‌റ്റന്‍ ഗോകുല്‍ ശര്‍മായാണ് ക്രീസില്‍.