ബെംഗളൂരു: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഫലം പുറത്ത് വന്ന നാലില്‍ മൂന്നിലും തോറ്റ കോണ്‍ഗ്രസിനെ പരിഹസിച്ച് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍ വെങ്കടേഷ് പ്രസാദ്. സനാതന ധര്‍മത്തെ അധിക്ഷേപിച്ചാല്‍ അതിന്‍റെ പരിണിത ഫലങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് വെങ്കടേഷ് പ്രസാദ് പറയുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് വെങ്കടേഷ് പ്രസാദ് ഇതു സംബന്ധിച്ച് പോസ്റ്റിട്ടത് (Venkatesh Prasad Dig At Congress Amid Poll Results on Sanatana Dharma).
"സനാതന ധര്‍മത്തെ അധിക്ഷേപിച്ചാല്‍ അതിന്‍റെ പരിണിത ഫലങ്ങളും അനുഭവിക്കേണ്ടിവരും. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വമ്പന്‍ വിജയം നേടിയ ബിജെപിക്ക് അഭിനന്ദനങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും അത്ഭുതകരമായ നേതൃത്വത്തിന്‍റെ മറ്റൊരു സാക്ഷ്യം. പാര്‍ട്ടി പ്രവര്‍ത്തകര്‍ അടിത്തട്ടില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെയും വിജയമാണിത്" - വെങ്കടേഷ് പ്രസാദ് എക്‌സില്‍ എഴുതി.
തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ ((Udhayanidhi Stalin) 'സനാതന ധർമ്മം തുടച്ചുനീക്കപ്പെടണം' എന്ന് പറഞ്ഞത് വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. കഴിഞ്ഞ സെപ്‌റ്റംബറില്‍ ചെന്നൈയില്‍ നടന്ന എഴുത്തുകാരുടെ സംഗമത്തില്‍ വച്ചായിരുന്നു ഉദയനിധി സ്‌റ്റാലിന്‍ സനാതന ധര്‍മത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത് (Udhayanidhi Stalin On Sanatan Dharma).
'സനാതന ധര്‍മം ഡെങ്കിയും മലേറിയയും കൊറോണയും പോലെയാണ്. എതിര്‍ക്കുകയല്ല മറിച്ച് ഇവയെ ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്' എന്നായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. വിഷയത്തില്‍ പ്രതികരണം തേടിയപ്പോള്‍ 'സനാതന ധര്‍മത്തില്‍ അല്ല, സർവധർമ്മത്തിലാണ് വിശ്വസിക്കുന്നത്' എന്നായിരുന്നു സംസ്ഥാനത്ത് ഡിഎംകെയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് പ്രതികരിച്ചത്. ഇതിനെ വിമര്‍ശിച്ചുകൊണ്ടാണ് പ്രസാദിന്‍റെ എക്‌സ് പോസ്റ്റ്.