ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ ഇന്ത്യൻ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. താരം തന്നെയാണ് തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. 2007ൽ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗം കൂടിയാണ് പാതി മലയാളി കൂടിയായ റോബിൻ ഉത്തപ്പ. താരം വിദേശ ക്രിക്കറ്റ് ലീഗുകളിൽ കളിച്ചേക്കും എന്നാണ് സൂചന.
'എന്‍റെ രാജ്യത്തേയും സംസ്ഥാനത്തേയും പ്രതിനിധീകരിച്ച് കളിക്കാന്‍ സാധിച്ചത് വലിയ അംഗീകാരമായി കരുതുന്നു. എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്. ഞാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണ്. എല്ലാവർക്കും നന്ദി.' റോബിൻ ഉത്തപ്പ കുറിച്ചു.
2006 ഏപ്രിൽ 15ന് ഇംഗ്ലണ്ടിനെതിരെയാണ് ഉത്തപ്പ തന്‍റെ രാജ്യാന്തര കരിയർ ആരംഭിച്ചത്. 2007 ലായിരുന്നു ടി20 അരങ്ങേറ്റം. 2015 ജൂലൈ 19ന് സിംബാബ്‌വെക്കെതിരായായിരുന്നു ഉത്തപ്പയുടെ അവസാന അന്തരാഷ്‌ട്ര മത്സരം. രാജ്യത്തിനായി 46 ഏകദിനങ്ങളിൽ നിന്ന് 25.9 റണ്‍സ് ശരാശരിയിൽ 934 റണ്‍സും, 13 ടി20കളിൽ നിന്ന് 249 റണ്‍സും 36 കാരനായ താരം നേടിയിട്ടുണ്ട്.
ദേശിയ ടീമിൽ അധികം പരിഗണിക്കപ്പെടാതിരുന്ന ഉത്തപ്പ ഐപിഎല്ലിലായിരുന്നു ഏറ്റവുമധികം തിളങ്ങിയത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, പുനെ വാരിയേഴ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്സ് എന്നീ ടീമുകൾക്ക് വേണ്ടി ഉത്തപ്പ കളിച്ചു. 205 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 4952 റണ്‍സാണ് ഉത്തപ്പ അടിച്ചുകൂട്ടിയത്.
ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്ക് വേണ്ടിയാണ് ഉത്തപ്പ കൂടുതല്‍ കളിച്ചിട്ടുള്ളത്. 2002-2003 സീസണില്‍ കര്‍ണാടകയ്ക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയ ഉത്തപ്പ കേരളത്തിന് വേണ്ടിയും സൗരാഷ്ട്രയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. അവസാനമായി കേരളത്തിന് വേണ്ടിയാണ് താരം ബാറ്റ് വീശിയത്. ആഭ്യന്തര ക്രിക്കറ്റില്‍ 142 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 203 ലിസ്റ്റ് എ മത്സരങ്ങളിലും താരം ബാറ്റ് വീശി.