സിഡ്‌നി: ടെസ്റ്റ് കരിയറിലെ തന്‍റെ അവസാന മത്സരമാണ് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പാകിസ്ഥാനെതിരെ സിഡ്‌നിയില്‍ കളിച്ചത്. ഹോം ഗ്രൗണ്ടായ സിഡ്‌നിയില്‍ വൈകാരികമായ യാത്രയയപ്പായിരുന്നു 37-കാരന് ആരാധകര്‍ നല്‍കിയത്. മത്സരം അവസാനിച്ച ശേഷം ടീമില്‍ സഹതാരമായ ഉസ്‌മാന്‍ ഖവാജയുടെ ഉമ്മ ഫോസിയ താരിഖിനെ വാര്‍ണര്‍ കെട്ടിപ്പിടിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ വാര്‍ണറും തന്‍റെ ഉമ്മയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഖവാജ. തന്‍റെ ഉമ്മയ്‌ക് ഏറെ പ്രിയപ്പെട്ടവനാണ് വാര്‍ണറെന്നാണ് ഖവാജ പറഞ്ഞിരിക്കുന്നത്. (Usman Khawaja Reveals His Mother's Bond With David Warner) വാര്‍ണറെ തന്‍റെ ഉമ്മ ചെകുത്താന്‍ എന്നാണ് വിളിക്കാറുള്ളതെന്നും 35-കാരനായ ഉസ്‌മാന്‍ ഖവാജ പറഞ്ഞു.
"എന്‍റെ ഉമ്മ അവനെ (ഡേവിഡ് വാര്‍ണര്‍) ഏറെ ഇഷ്‌ടപ്പെടുന്നുണ്ട്. അവനെ ചെകുത്താനെന്നാണ് എന്‍റെ ഉമ്മ വിളിക്കാറുള്ളത്" ഖവാജ പറഞ്ഞു. വാര്‍ണര്‍ക്കൊപ്പമുള്ള ബാറ്റിങ് താന്‍ ഏറെ ആസ്വദിച്ചിരുന്നതായും ഖവാജ കൂട്ടിച്ചേര്‍ത്തു. ചെറുപ്പകാലം തൊട്ടുള്ള പരിചയമാണ് വാര്‍ണറും ഖവാജയും തമ്മിലുള്ളത്. ആറ് വയസ് തൊട്ട് വിവിധ ക്ലബുകള്‍ക്കായി ഇരുവരും ഒപ്പം കളിച്ചിട്ടുണ്ട്.
12 വര്‍ഷങ്ങള്‍ നീണ്ട ടെസ്റ്റ് കരിയറാണ് വാര്‍ണര്‍ സിഡ്‌നിയില്‍ വിരാമമിട്ടത്. ഓസ്‌ട്രേലിയയ്‌ക്കായി ക്രിക്കറ്റിന്‍റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ 112 മത്സരങ്ങളാണ് വാര്‍ണര്‍ കളിച്ചിട്ടുള്ളത്. 44.59 ശരാശരിയില്‍ 8786 റണ്‍സാണ് നേടിയിട്ടുള്ളത്. 26 സെഞ്ചുറിയും 37 അര്‍ധ സെഞ്ചുറികളും താരത്തിന്‍റെ അക്കൗണ്ടിലുണ്ട്.
ഈ യാത്ര സ്വപ്‌നതുല്യമായിരുന്നുവെന്ന് മത്സരത്തിന് ശേഷം വാര്‍ണര്‍ പ്രതികരിച്ചു. ഓസ്‌ട്രേലിയന്‍ ടീമിന് കഴിഞ്ഞ രണ്ട് വര്‍ഷത്തെ കാലയളവില്‍ ഒരുപാട് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മികച്ച ഒരുപാടുപേര്‍ക്കൊപ്പം കളിക്കാന്‍ കഴിഞ്ഞതില്‍ താന്‍ അഭിമാനിക്കുന്നു.