പെര്‍ത്ത്:പാകിസ്ഥാനെതിരായ (Australia vs Pakistan) ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയുള്ള പരിശീലനത്തിന് ഓസീസ് ബാറ്റര്‍ ഉസ്‌മാന്‍ ഖാവജ ധരിച്ച ഷൂസില്‍ എഴുതിയിരുന്ന വാചകങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. 'എല്ലാ ജീവനും തുല്യമാണ്, സ്വാതന്ത്ര്യം മനുഷ്യാവകാശം' എന്നിങ്ങനെയായിരുന്നു താരത്തിന്‍റെ ഇരു ഷൂകളിലുമായി എഴുതിയിരുന്നത്. ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്‌തു.
ഇസ്രായേല്‍- ഹമാസ് സംഘര്‍ഷത്തിന്‍റെ (Israel Hamas Conflict) പശ്ചാത്തലത്തില്‍ പലസ്‌തീന് ഐക്യദാര്‍ഢ്യമുയര്‍ത്തി പ്രസ്‌തുത ഷൂ പാകിസ്ഥാനെതിരെ പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ധരിക്കാന്‍ താരം പദ്ധതിയിട്ടിരുന്നുവെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഐസിസി നിയമങ്ങള്‍ക്ക് എതിരായതിനാല്‍ പ്രസ്‌തുത തീരുമാനത്തില്‍ നിന്നും ഖവാജ പിന്മാറിയെന്ന റിപ്പോര്‍ട്ട് പിന്നീട് പുറത്ത് വന്നു.
ഖവാജ ആ ഷൂ ധരിക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് അറിയിക്കുകയും ചെയ്‌തു. താന്‍ ഖവാജയുമായി സംസാരിച്ചതായും ആ ഷൂ അണിയില്ലെന്ന് താരം അറിയിച്ചു എന്നുമായിരുന്നു കമ്മിന്‍സ് പറഞ്ഞത്. (Pat Cummins on Usman Khawaja shoes).
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഖവാജ. ഷൂവിലെ വാചകങ്ങളില്‍ രാഷ്‌ട്രീയമില്ലെന്നാണ് ഖവാജ പറയുന്നത്. തന്നെ സംബന്ധിച്ച് എല്ലാ ജീവനും തുല്യമാണ്. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ ശബ്‌ദമുയര്‍ത്തുന്നതെന്നും ഖവാജ പറഞ്ഞു. തന്‍റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയിലാണ് ഇതു സംബന്ധിച്ച 36-കാരന്‍റെ പ്രതികരണം. (Usman Khawaja On ICC Threat Over Palestine conflict slogan).