ദുബായ്: യുണൈറ്റഡ് സ്റ്റേറ്റ്സ് പേസർ കെയ്‌ല്‍ ഫിലിപ്പിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ ബോള്‍ ചെയ്യുന്നതിന് വിലക്ക്. കെയ്‌ല്‍ ഫിലിപ്പിന്‍റേത് നിയമവിരുദ്ധമായ ബോളിങ് ആക്ഷനാണെന്ന് ഐസിസിയുടെ ഇവന്‍റ് പാനൽ സ്ഥിരീകരിച്ചതിനെത്തുടർന്നാണ് നടപടി. ജൂൺ 18-ന് വെസ്റ്റ് ഇൻഡീസിനെതിരായ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷം 26-കാരനായ കെയ്‌ല്‍ ഫിലിപ്പിന്‍റെ ബോളിങ് ആക്ഷനെക്കുറിച്ച് മാച്ച് ഒഫീഷ്യൽസ് റിപ്പോർട്ട് ചെയ്തിരുന്നു.
ഇതേത്തുടര്‍ന്നാണ് യുഎസ് താരത്തിന്‍റെ ബോളിങ് ആക്ഷന്‍ ഐസിസി ഇവന്‍റ് പാനല്‍ വിലയിരുത്തിയത്. മത്സരത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ അവലോകനം ചെയ്തതിന് ശേഷം, താരത്തിന്‍റെ ബോളിങ് ആക്ഷന്‍ ഐസിസി ചട്ടങ്ങളിലെ ആർട്ടിക്കിൾ 6.7 അനുസരിച്ച് നിയമ വിധേയമല്ലെന്ന് ഇവന്‍റ് പാനല്‍ കണ്ടെത്തിയെന്നാണ് ഐസിസി പ്രസ്‌താനയില്‍ അറിയിച്ചിരിക്കുന്നത്. പുനര്‍പരിശോധനയിലൂടെ തന്‍റെ ബോളിങ് ആക്ഷന്‍ നിയമപരമാണെന്ന് തെളിയിക്കും വരെ കെയ്‌ല്‍ ഫിലിപ്പിന്‍റിന്‍റെ വിലക്ക് നിലനില്‍ക്കുമെന്നും ഐസിസി വ്യക്തമാക്കിയിട്ടുണ്ട്.
സിംബാബ്‌വെയിൽ നടന്നുകൊണ്ടിരിക്കുന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് യോഗ്യത ടൂർണമെന്‍റില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിലായിരുന്നു യുഎസ്‌എ വെസ്റ്റ് ഇൻഡീസിനെതിരെ കളിച്ചത്. മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്താന്‍ കെയ്‌ല്‍ ഫിലിപ്പിന് കഴിഞ്ഞിരുന്നുവെങ്കിലും യുഎസ് വിന്‍ഡീസിനോട് 39 റണ്‍സിന്‍റെ തോല്‍വി വഴങ്ങി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് 49.3 ഓവറില്‍ 297 റണ്‍സിന് ഓള്‍ ഔട്ട് ആയി. ജോൺസൺ ചാൾസ് (80 പന്തില്‍ 66) , ഷായ് ഹോപ് (60 പന്തില്‍ 54), റോസ്റ്റണ്‍ ചേസ് (55 പന്തില്‍ 55), ജാസണ്‍ ഹോള്‍ഡര്‍ (40 പന്തില്‍ 56) എന്നിവരുടെ അര്‍ധ സെഞ്ചുറി പ്രകടനമാണ് വിന്‍ഡീസിനെ മികച്ച നിലയില്‍ എത്തിച്ചത്. നിക്കോളാസ് പുരാന്‍ (28 പന്തില്‍ 43) നിര്‍ണായകമായി.