മുംബൈ: ബോളിവുഡ് നടി ഉർവശി റൗട്ടേലയും ഇന്ത്യന്‍ ക്രിക്കറ്റര്‍ റിഷഭ് പന്തും തമ്മിലുള്ള സോഷ്യല്‍ മീഡിയ പോര് അവസാനിച്ചതായി സൂചന. നേരിട്ടല്ലെങ്കിലും പന്തിനോട് ക്ഷമാപണം നടത്തിയിരിക്കുയാണ് ഉർവശി റൗട്ടേല. തന്‍റെ ഏറ്റവും പുതിയ അഭിമുഖത്തിനിടെ പന്തിനായി ഒരു സന്ദേശം നല്‍കാന്‍ അവതാരകന്‍ ആവശ്യപ്പെട്ടപ്പോളാണ് നടിയുടെ പ്രതികരണം.
ആദ്യം ആശയക്കുഴപ്പത്തിലായ 28കാരിയായ ഉര്‍വശി തുടര്‍ന്നാണ് കൈ കൂപ്പിക്കൊണ്ട് പന്തിനോട് മാപ്പ് പറഞ്ഞത്. എക്‌സ് കപ്പിള്‍ എന്ന് അഭ്യൂഹങ്ങളുള്ള താരങ്ങളാണ് ഉര്‍വശിയും 24കാരനായ പന്തും. അടുത്തിടെ ഉര്‍വശി നല്‍കിയ അഭിമുഖത്തിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള സോഷ്യല്‍ മീഡിയ പോര് ആരംഭിച്ചത്.
തന്നെ കാണാന്‍ "ആര്‍പി" മണിക്കൂറുകളോളം കാത്തിരുന്നുവെന്നും 16-17 തവണ ഫോണ്‍ വിളിച്ചിട്ടും താന്‍ എടുത്തിരുന്നില്ലെന്നുമാണ് നടി അഭിമുഖത്തില്‍ പറഞ്ഞത്. ആരാണ് ആര്‍പി എന്ന് അവതാരകന്‍ ചോദിച്ചെങ്കിലും മറുപടി പറയാന്‍ നടി തയ്യാറായില്ല. ഇതിന് മറുപടിയെന്നോണം ഉര്‍വശിയുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പന്ത് രംഗത്തെത്തുകയായിരുന്നു.
പ്രശസ്തിക്ക് വേണ്ടി ആളുകള്‍ കള്ളം പറയുന്നത് കാണാന്‍ രസമാണെന്നാണ് താരം കുറിച്ചത്. ഇതിനു മറുപടിയായി ഉര്‍വശിയും തുടര്‍ന്ന് ഉര്‍വശിക്ക് മറുപടിയായി പന്തും രംഗത്തെത്തിയതോടെ പ്രശ്‌നം മറ്റൊരു തലത്തില്‍ എത്തിയിരുന്നു. ഉര്‍വശിയുടെ പരസ്യ പ്രതികരണത്തോടെ ഈ പോരിന് വിരാമമായെന്നാണ് ആരാധകര്‍ കണക്ക് കൂട്ടുന്നത്. ഉര്‍വശിയുടെ മാപ്പ് പറച്ചിലിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
also read: ആരാണ് ഉര്‍വശി റൗട്ടേല?; നടിയെ അറിയില്ലെന്ന് പാക് പേസര്‍ നസീം ഷാ