മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റര്‍ റിഷഭ് പന്തിന്‍റെ ജന്മദിനത്തില്‍ ആശംസ വീഡിയോ പങ്കുവച്ച് ബോളിവുഡ് നടി ഉർവശി റൗട്ടേല. തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഉര്‍വശി ഒരു പിറന്നാള്‍ ആശംസ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആരെയാണ് ആശംസിക്കുന്നതെന്ന് പരാമർശിക്കാതെ തന്നെ 'ഒരു ഫ്ലയിങ് കിസ്' നല്‍കുന്നതാണ് വീഡിയോയിലുള്ളത്.
'ഹാപ്പി ബെർത്ത്ഡേ' എന്നാണ് നടി ഇതിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. വീഡിയോയ്‌ക്ക് താഴെ റിഷഭ് പന്തിന്‍റെ പേരാണ് നിരവധി ആരാധകര്‍ കമന്‍റ് ചെയ്‌തിട്ടുള്ളത്. തന്‍റെ 25-ാം ജന്മദിനമാണ് പന്ത് ഇന്ന് (ഒക്‌ടോബര്‍ 4) ആഘോഷിക്കുന്നത്.
വാക്‌പോരും ഒടുവില്‍ മാപ്പ് പറച്ചിലും:എക്‌സ് കപ്പിള്‍ എന്ന് അഭ്യൂഹങ്ങളുള്ള താരങ്ങളാണ് ഉര്‍വശിയും പന്തും. അടുത്തിടെ ഉര്‍വശി റൗട്ടേല നല്‍കിയ ഒരു അഭിമുഖത്തിന് പിന്നാലെ ഇരുവരും തമ്മിലുണ്ടായ വാക് പോര് ഏറെ ചര്‍ച്ചയായിരുന്നു.
തന്നെ കാണാന്‍ "ആര്‍പി" മണിക്കൂറുകളോളം ഹോട്ടല്‍ ലോബിയില്‍ കാത്തിരുന്നുവെന്നും 16-17 തവണ ഫോണ്‍ വിളിച്ചിട്ടും താന്‍ എടുത്തിരുന്നില്ലെന്നുമാണ് നടി അഭിമുഖത്തില്‍ പറഞ്ഞത്. ആരാണ് ആര്‍പി എന്ന് അവതാരകന്‍ ചോദിച്ചെങ്കിലും മറുപടി പറയാന്‍ നടി തയ്യാറായിരുന്നില്ല.
ഇതിന് പിന്നാലെ ഉര്‍വശിക്ക് മറുപടിയെന്നോണം തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പന്ത് രംഗത്തെത്തി. പ്രശസ്‌തിക്ക് വേണ്ടി ആളുകള്‍ കള്ളം പറയുന്നത് കാണാന്‍ രസമാണ്. പ്രശസ്‌തയാവാനും തലക്കെട്ടില്‍ ഇടം നേടാനുമായിരിക്കും ഇങ്ങനെയൊക്കെ പറയുന്നത്. പ്രശസ്‌തിക്കുവേണ്ടിയുള്ള ചിലരുടെ ശ്രമം കാണുമ്പോള്‍ വിഷമമുണ്ടെന്നും ദൈവം അവരെ അനുഗ്രഹിക്കട്ടെ എന്നുമായിരുന്നു പന്തിന്‍റെ സ്റ്റോറി.
പോസ്റ്റ് ചെയ്‌ത് 10 മിനിട്ടിനുള്ളില്‍ റിഷഭ് പന്ത് ഇത് ഡിലീറ്റ് ചെയ്‌തെങ്കിലും സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ പന്തിന് മറുപടിയെന്നോണം ഉര്‍വശിയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു. 'ചോട്ടൂ ഭയ്യ ക്രിക്കറ്റ് കളിക്കൂ, പേരുദോഷം കേള്‍ക്കാന്‍ ഞാന്‍ മുന്നിയല്ല' എന്നാണ് ഉര്‍വശി റൗട്ടേല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇതിനും പന്ത് മറുപടി നല്‍കിയിരുന്നു.
എന്നാല്‍ അടുത്തിടെ നേരിട്ടല്ലെങ്കിലും ഉര്‍വശി പന്തിനോട് ക്ഷമാപണം നടത്തിയിരുന്നു. അഭിമുഖത്തിനിടെ പന്തിനായി ഒരു സന്ദേശം നല്‍കാന്‍ അവതാരകന്‍ ആവശ്യപ്പെട്ടപ്പോളാണ് നടിയുടെ പ്രതികരണം. ആദ്യം ആശയക്കുഴപ്പത്തിലായ 28കാരിയായ ഉര്‍വശി തുടര്‍ന്നാണ് കൈ കൂപ്പിക്കൊണ്ട് പന്തിനോട് മാപ്പ് പറഞ്ഞത്.