12 വര്‍ഷത്തിന് ശേഷം ഒരു ലോക കിരീടം... ആ സ്വപ്‌നത്തിന് തൊട്ടരിരികിലാണ് ടീം ഇന്ത്യ. ലോകകപ്പിന്‍റെ (Cricket World Cup 2023) ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ 70 റണ്‍സിന് തോല്‍പ്പിച്ചാണ് രോഹിത് ശര്‍മയും സംഘവും ഫൈനല്‍ ടിക്കറ്റെടുത്തത്. രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയോട് കണക്കുകള്‍ തീര്‍ത്തെത്തുന്ന ഓസ്‌ട്രേലിയ ആണ് ഞായറാഴ്‌ച (നവംബര്‍ 19) നടക്കുന്ന കലാശപ്പോരില്‍ ഇന്ത്യയുടെ എതിരാളികള്‍ (India vs Australia Cricket World Cup Final).
തോല്‍വികളൊന്നുമറിയാതെയാണ് ഇന്ത്യ ലോകകപ്പിന്‍റെ ഫൈനലിലേക്ക് എത്തിയിരിക്കുന്നത്. ഇനി ലോക കിരീടത്തിലേക്ക് ഒരു ജയത്തിന്‍റെ മാത്രം ദൂരം. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും തങ്ങളെ പിന്തുടര്‍ന്ന സെമി ഫൈനല്‍ ശാപം തീര്‍ക്കാന്‍ ഇപ്രാവശ്യം ഇന്ത്യയ്‌ക്ക് സാധിക്കുകയായിരുന്നു.
ചാമ്പ്യന്മാരുടെ പകിട്ടുമായി എംഎസ് ധോണിയുടെ കീഴില്‍ 2015 ലോകകപ്പ് കളിക്കാനെത്തിയ ഇന്ത്യയ്‌ക്ക് അന്ന് അടി തെറ്റിയത് സെമിയില്‍ ഓസ്‌ട്രേലിയന്‍ ടീമിനോട്. 2019 ല്‍ ധോണി മാറി വിരാട് കോലി ക്യാപ്‌റ്റനായി. എന്നിട്ടും സെമി ഫൈനല്‍ ശാപം മാത്രം ടീം ഇന്ത്യയെ വിട്ടൊഴിഞ്ഞില്ല. ന്യൂസിലന്‍ഡായിരുന്നു അന്ന് ടീമിന്‍റെ സ്വപ്‌നങ്ങളെ എറിഞ്ഞൊതുക്കിയത്.
നാല് വര്‍ഷങ്ങള്‍ക്കിപ്പുറം കഥ മറ്റൊന്നാണ്, 2019ല്‍ തങ്ങളെ പരാജയപ്പെടുത്തിയവരെ തന്നെ തകര്‍ത്ത് ഇന്ത്യ ഫൈനലിലേക്ക്. ഈ ലോകകപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ പത്താം ജയം. ഇന്ത്യയുടെ ഈ അപരാജിത കുതിപ്പിന്‍റെ ക്രെഡിറ്റ് മുഴുവനായും പലരും നല്‍കുന്നത് രോഹിത് ശര്‍മയുടെ ക്യാപ്‌റ്റന്‍സിക്കും രാഹുല്‍ ദ്രാവിഡിന്‍റെ പരിശീലന മികവിനുമാണ്.
എന്നാല്‍, ഇവര്‍ക്കൊപ്പം തന്നെ ഇന്ത്യന്‍ ജൈത്രയാത്രയുടെ ക്രെഡിറ്റ് അര്‍ഹിക്കുന്ന താരമാണ് ശ്രേയസ് അയ്യരും. നാലാം നമ്പറില്‍ ശ്രേയസ് നല്‍കിയ സംഭാവനകളും ഈ ലോകകപ്പിലെ ഇന്ത്യയുടെ തുടര്‍ജയങ്ങളില്‍ ഏറെ നിര്‍ണായകമായിട്ടുണ്ട്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഇന്ത്യ തിരിച്ചടി നേരിടാനുള്ള പ്രധാന കാരണം ശ്രേയസ് അയ്യറെ പോലെ നാലാം നമ്പറില്‍ വിശ്വസ്ഥനായ ഒരു ബാറ്ററുടെ അഭാവമായിരുന്നു.
ആറ് പേരാണ് കഴിഞ്ഞ രണ്ട് ലോകകപ്പുകളില്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ ബാറ്റ് ചെയ്‌തത്. 2015ല്‍ സുരേഷ് റെയ്‌ന, അജിങ്ക്യ രഹാനെ എന്നിവരെ ഈ സ്ഥാനത്ത് പരീക്ഷിച്ചു. 2019ല്‍ വിജയ് ശങ്കര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവരെല്ലാം നാലാം നമ്പറില്‍ ഇന്ത്യയ്‌ക്കായി പാഡണിഞ്ഞു. എന്നാല്‍, ഇവരില്‍ ആര്‍ക്കും തന്നെ ആ സ്ഥാനത്ത് ക്ലിക്കാകാന്‍ സാധിച്ചില്ല.
ശ്രേയസ് അയ്യറുടെ വരവോടെ ഈ ഇന്ത്യയ്‌ക്ക് ഏറെക്കാലമായി ഉണ്ടായിരുന്ന ഈ തലവേദന മാറ്റിയെടുക്കാന്‍ സാധിച്ചു എന്നതാണ് വാസ്‌തവം. ഈ ലോകകപ്പിലെ ഇതുവരെയുള്ള 10 മത്സരവും കളിച്ച ശ്രേയസ് അയ്യര്‍ നേടിയത് 75.14 ശരാശരിയില്‍ 526 റണ്‍സ്. രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയും അടങ്ങുന്നതാണ് ശ്രേയസിന്‍റെ ഇതുവരെയുള്ള ലോകകപ്പ് യാത്ര (Shreyas Iyer In Cricket World Cup 2023).
ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ മധ്യനിരയില്‍ ആദ്യമായി 500ന് മുകളില്‍ റണ്‍സടിക്കുന്ന താരമായും ശ്രേയസിന് മാറാന്‍ സാധിച്ചു. നിലവിലെ ഇന്ത്യന്‍ ടീമില്‍ തന്‍റെ സ്ഥാനം എത്രത്തോളം വലുതാണെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ഇവയെല്ലാം തന്നെ.
Also Read:'തലക്കെട്ടുകളില്‍ നിറയുന്നത് കോലിയും ഷമിയും, എന്നാല്‍ ഇന്ത്യയുടെ 'യഥാര്‍ഥ ഹീറോ' മറ്റൊരാള്‍...': നാസര്‍ ഹുസൈന്‍