ന്യൂഡൽഹി: മുൻ ഇന്ത്യൻ അണ്ടർ 19 ടീം നായകൻ ഉൻമുക്ത് ചന്ദ് ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 28-ാം വയസിലാണ് ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള താരത്തിന്‍റെ വിരമിക്കൽ പ്രഖ്യാപനം. മറ്റ് രാജ്യങ്ങളിലെ ക്രിക്കറ്റ് ലീഗുകളിൽ കളിക്കാനാണ് താരം ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യപിച്ചത്.
2012 ൽ അണ്ടർ 19 ലോകകിരീടം നേടിയ ഇന്ത്യൻ ടീമിനെ നയിച്ച ഉൻമുക്ത് ചന്ദായിരുന്നു. ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ 111 റണ്‍സുമായി ടീമിനെ വിജയത്തിലേക്ക് നയിച്ചതോടെ ഇന്ത്യയുടെ ഭാവി വാഗ്‌ദാനമായാണ് താരത്തെ വാഴ്ത്തിയിരുന്നത്.
ഡല്‍ഹിക്കായി രഞ്ജി അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറിയുമായാണ് (151) ഉന്മുക്ത് ചന്ദ് തിളങ്ങിയത്. എന്നാൽ പിന്നീട് ആ മികവ് പുലർത്താനാകത്തതിനാൽ ഒരിക്കൽ പോലും താരത്തിന് സീനിയർ ടീമിലേക്ക് വിളിയെത്തിയില്ല.
18-ാം വയസില്‍ ഐ.പി.എല്ലില്‍ അന്നത്തെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്‍റെ ഭാഗമായെങ്കിലും ഐപിഎല്‍ ടീമുകളിലും സ്ഥിര സാന്നിധ്യമാവാന്‍ ഉന്‍മുക്തിന് കഴിഞ്ഞില്ല. മുംബൈ ഇന്ത്യന്‍സിലും താരം കളിച്ചിരുന്നു. 2015 വരെ ഇന്ത്യ എ ടീമിലും അംഗമായിരുന്നു.
ALSO READ:മുന്നില്‍ നിന്നും നയിച്ച് ജോ റൂട്ട് ; ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിന് ലീഡ്
2016 മുതലാണ് താരത്തിന്‍റെ കരിയറിലെ വീഴ്‌ചകള്‍ തുടങ്ങിയത്. ആദ്യം വിജയ് ഹസാരെ ട്രോഫിക്കുള്ള ഡല്‍ഹി ടീമില്‍ നിന്ന് പുറത്തായി. തുടർന്ന് മോശം ഫോം കാരണം മുംബൈ ഇന്ത്യന്‍സില്‍ നിന്നും പുറത്തായി. പിന്നീടൊരു തിരിച്ചുവരവ് ഉന്‍മുക്തിനുണ്ടായില്ല.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 67 മത്സരങ്ങളില്‍ നിന്ന് 3379 റണ്‍സ് ആണ് ഉന്‍മുക്തിന്‍റെ സമ്പാദ്യം. 120 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 4505 റണ്‍സും താരം സ്വന്തമാക്കിയിട്ടുണ്ട്. ഐ.പി.എല്ലിൽ 21 മത്സരങ്ങളിൽ നിന്ന് 300 റണ്‍സും നേടിയിട്ടുണ്ട്.