സിഡ്‌നി: ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമാവാനൊരുങ്ങി ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് ടീമിന്‍റെ മുൻ നായകന്‍ ഉൻമുക്ത് ചന്ദ്. ലീഗിലെ മെൽബൺ റെനഗേഡ്സുമായി 28കാരനായ ഉൻമുക്ത് കരാറിലെത്തി. ബിഗ് ബാഷ് അധികൃതരാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ലോകമെമ്പാടുമുള്ള മികച്ച താരങ്ങള്‍ പങ്കെടുക്കുന്ന ലീഗിന്‍റെ ഭാഗമാവുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഉൻമുക്ത് ചന്ദ് പ്രതികരിച്ചു. "ഇതൊരു മികച്ച പ്ലാറ്റ്‌ഫോമാണ്. അവിടെ കളിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. മികച്ച പ്രകടനത്തോടെ സ്വന്തം പേരെടുക്കാനും ഭാഗമാവുന്ന ടീമുകള്‍ക്കായി ചാമ്പ്യൻഷിപ്പുകൾ നേടാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്" ഉൻമുക്ത് ചന്ദ് പറഞ്ഞു.
ആരോൺ ഫിഞ്ച് നായകനായ റെനഗേഡ്സില്‍ ഷോൺ മാർഷ്, മുഹമ്മദ് നബി, ജെയിംസ് പാറ്റിൻസൺ, കെയിൻ റിച്ചാർഡ്സൺ തുടങ്ങിയവരും കളിക്കുന്നുണ്ട്. ഡിസംബര്‍ അഞ്ചിനാണ് ലീഗ് ആരംഭിക്കുക. ഒമ്പതാം തിയതിയാണ് റെനഗേഡ്സിന്‍റെ ആദ്യ മത്സരം.