ലണ്ടന്‍: വേഗതയേറിയ പന്തുകളെറിഞ്ഞ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായ താരമാണ് ഇന്ത്യയുടെ യുവ പേസര്‍ ഉമ്രാന്‍ മാലിക്. കഴിഞ്ഞ ഐപിഎല്ലില്‍ തുടര്‍ച്ചയായി 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞാണ് 23കാരനായ താരം വരവറിയിച്ചത്. ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍ 22 വിക്കറ്റുകള്‍ വീഴ്‌ത്താന്‍ കശ്‌മീര്‍ പേസര്‍ക്ക് സാധിച്ചിരുന്നു.
പിന്നാലെ അയര്‍ലന്‍ഡിന് എതിരായ ടി20 പരമ്പരയിലൂടെ ഉമ്രാന്‍ അന്താരാഷ്‌ട്ര അരങ്ങേറ്റവും നടത്തി. നിലവില്‍ ഇംഗ്ലണ്ടിന് എതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്‌ക്കായുള്ള ഒരുക്കത്തിലാണ് ഉമ്രാന്‍. ജൂലൈ ഏഴിനാണ് പരമ്പര ആരംഭിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഡെര്‍ബിഷെയറുമായി സന്നാഹ ടി20 മത്സരത്തിലും ഇന്ത്യ കളിച്ചിരുന്നു.
മത്സരത്തില്‍ ഉമ്രാന്‍റെ ഒരു മാസ്‌മരിക പ്രകടനത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വേഗതയാര്‍ന്ന ഒരു ഡെലിവറിയിലൂടെ ഡെർബിഷെയര്‍ ബാറ്റര്‍ ബ്രൂക്ക് ഗസ്റ്റിന്‍റെ മിഡില്‍ സ്‌റ്റംപ് പറപ്പിക്കുന്ന ഉമ്രാന്‍റെ പ്രകടനമാണ് വൈറലാവുന്നത്. താരത്തിന്‍റെ പന്തുകൊണ്ട് സ്‌റ്റംപ് ദൂരേയ്‌ക്ക് തെറിക്കുന്നത് വീഡിയോയില്‍ കാണാം.