മുംബൈ: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ സ്‌പീഡ് സ്‌റ്റാര്‍ ഉമ്രാന്‍ മാലിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തി. പരിക്കേറ്റ് പുറത്തായ വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമിയ്‌ക്ക് പകരക്കാരനായാണ് ഉമ്രാനെ ടീമിലെടുത്തത്. ഇക്കാര്യം അറിയിച്ച് ബിസിസിഐ ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
പരിശീലനത്തിനിടെ തോളിനേറ്റ പരിക്കാണ് ഷമിയ്‌ക്ക് തിരിച്ചടിയായത്. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലാണ് താരം. ഏകദിന പരമ്പരയ്‌ക്ക് പിന്നാലെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലും ഷമിയ്‌ക്ക് കളിക്കാനായേക്കില്ലെന്നാണ് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
ബംഗ്ലാദേശിനെതിരെ മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. മിര്‍പൂരില്‍ നാളെയാണ് ആദ്യ മത്സരം നടക്കുക. തുടര്‍ന്ന് ഡിസംബർ 14 മുതലാണ് രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയ്‌ക്ക് തുടക്കമാവുക.
അതേസമയം ബംഗ്ലാദേശ് നിരയിലും പരിക്ക് ബാധിച്ചിട്ടുണ്ട്. പരിക്കേറ്റതിനെ തുടര്‍ന്ന് നായകൻ തമീം ഇക്‌ബാല്‍ ഏകദിന പരമ്പരയില്‍ നിന്നും പുറത്തായി. സന്നാഹ മത്സരത്തിൽ കളിക്കുന്നതിനിടെ തമീം ഇക്‌ബാലിന്‍റെ തുടയ്‌ക്കാണ് പരിക്കേറ്റത്. രണ്ടാഴ്‌ചത്തെ വിശ്രമമാണ് താരത്തിന് ഡോക്‌ടർമാർ നിർദേശിച്ചിരിക്കുന്നത്.