ഈഡൻ പാർക്ക്: ന്യൂസിലന്‍ഡിനെതിരെ ഈഡൻ പാർക്കിൽ തന്‍റെ കന്നി ഏകദിനത്തിനാണ് ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ ഉമ്രാൻ മാലിക് ഇറങ്ങിയത്. നേരത്തെ നടന്ന ടി20 പരമ്പരയിൽ ഉമ്രാന് അവസരം നല്‍കാതിരുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. എന്നിരുന്നാലും തന്‍റെ ആദ്യ ഏകദിനത്തില്‍ തന്നെ തീയുണ്ടകളെറിഞ്ഞ് ശ്രദ്ധപിടിച്ച് പറ്റുകയാണ് താരം.
കിവീസ് ഇന്നിങ്‌സിന്‍റെ 11-ാം ഓവറിലാണ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ഉമ്രാനെ പന്തേല്‍പ്പിക്കുന്നത്. 140 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞാണ് ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ തന്‍റെ സ്‌പെല്‍ ആരംഭിച്ചത്. രണ്ടാം ഓവറില്‍ താരം 150 കിലോമീറ്റർ വേഗതയിൽ എത്തി.
തന്‍റെ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ഡെവൺ കോൺവേയെ വീഴ്‌ത്തി ഏകദിനത്തിലെ തന്‍റെ കന്നി വിക്കറ്റും താരം നേടി. പിന്നീടെത്തിയ ഡാരില്‍ മിച്ചലിന് ആദ്യ പന്തില്‍ തന്നെ ചങ്കിടിപ്പേറ്റുന്ന വരവേല്‍പ്പാണ് ഉമ്രാന്‍ നല്‍കിയത്. 153.1 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ഈ പന്ത് പറന്നെത്തിയത്.
തുടര്‍ന്ന് 20-ാം ഓവറില്‍ ഡാരില്‍ മിച്ചലിനേയും ഉമ്രാന്‍ പുറത്താക്കി. തന്‍റെ ആദ്യ അഞ്ച് ഓവറിൽ 23കാരനായ ഉമ്രാന്‍ 19 റണ്‍സ് മാത്രം വിട്ട് നല്‍കി രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 307 റണ്‍സ് വിജയ ലക്ഷ്യത്തിലേക്കാണ് കിവീസ് ബാറ്റ് വീശുന്നത്.
Also read:'റിഷഭ് പന്ത് ടീമിന് ബാധ്യത, ഇനി സഞ്ജുവിന് അവസരം നൽകൂ' ; പിന്തുണയുമായി കൂടുതൽ താരങ്ങൾ