ഹൈദരാബാദ്: ഇന്ത്യയ്ക്ക് എതിരായ അവസാന ടി20 മത്സരത്തില്‍ നഷ്‌ടപ്പെടാൻ ഒന്നുമില്ലാതെ തകർത്തടിച്ച് കളിക്കുകയാണ് അയർലണ്ട്. ജയിച്ചാല്‍ അവർക്ക് ലോട്ടറി അടിച്ചപോലെയാണ്. ദീപക് ഹൂഡയുടെ സെഞ്ച്വറിയും മലയാളി താരം സഞ്ജു സാംസണിന്‍റെ അർധ സെഞ്ച്വറിയും എല്ലാം വെറുതെയാകുമെന്ന് തോന്നിയ നിമിഷങ്ങൾ. 20 ഓവറില്‍ ജയിക്കാൻ 226 എന്ന ഇന്ത്യ ഉയർത്തിയ കൂറ്റൻ ടി20 ലക്ഷ്യം അയർലണ്ട് അനായാസം മറികടക്കാനൊരുങ്ങുന്നു.
അവസാന ഓവറില്‍ അയർലണ്ടിന് ജയിക്കാൻ വേണ്ടത് 17 റൺസ് മാത്രം. നായകൻ ഹാർദിക് പാണ്ഡ്യ ആരെ പന്തേല്‍പ്പിക്കും എന്ന ആശങ്കയിലായിരുന്നു ഇന്ത്യൻ ആരാധകർ. വിശ്വസ്തനായ ഭുവനേശ്വറിന്‍റെയും അവസാന ഓവർ സ്പെഷ്യലിസ്റ്റ് ഹർഷല്‍ പട്ടേലിന്‍റെയും നാല് ഓവർ സ്പെല്‍ അപ്പൊഴേക്കും അവസാനിച്ചിരുന്നു. ഇനി നായകൻ പാണ്ഡ്യയ്ക്കും തന്‍റെ രണ്ടാമത്തെ അന്താരാഷ്ട്ര മത്സരം മാത്രം കളിക്കുന്ന ഉമ്രാൻ മാലിക്കിനും മാത്രമാണ് ഓവർ ബാക്കിയുള്ളത്. പാണ്ഡ്യ മുൻപ് പലപ്പോഴും ടി20 മത്സരങ്ങളിലെ അവസാന ഓവർ എറിഞ്ഞ് ഇന്ത്യയെ അനായാസം വിജയത്തിലേക്ക് നയിച്ചിട്ടുമുണ്ട്.
സമ്മർദ്ദം ഏറ്റുവാങ്ങാതെ നായകൻ:പക്ഷേ ആരാധകരെ ഞെട്ടിച്ചു കൊണ്ട് നായകൻ അവസാന ഓവർ എറിയാൻ ഏല്‍പ്പിച്ചത് ഉമ്രാൻ മാലിക്കിനെ. ആ മത്സരത്തിലെ മൂന്ന് ഓവറിലും അയർലണ്ട് ബാറ്റർമാരില്‍ നിന്ന് തല്ല് വാങ്ങിയ ഉമ്രാൻ മാലിക്കിനെ പന്തേല്‍പ്പിച്ചത് അല്‍പം സാഹസമായെന്ന് ആർക്കും തോന്നാവുന്ന നിമിഷം.