ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇവനില്‍ നിന്നും സ്‌പിന്നര്‍ കുല്‍ദീപ് യാദവിനെ ഒഴിവാക്കിയത് വലിയ ചര്‍ച്ചായായിരുന്നു. ആദ്യ ടെസ്റ്റില്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട കുല്‍ദീപിനെ പുറത്തിരുത്തിയ തീരുമാനം ചോദ്യം ചെയ്‌ത് നിരവധി മുന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ മാനേജ്‌മെന്‍റിന്‍റെ ഇത്തരം തീരുമാനങ്ങള്‍ എല്ലാ താരങ്ങളും അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് സീനിയര്‍ പേസര്‍ ഉമേഷ് യാദവ് പറയുന്നത്.
തനിക്കും ഈ അനുഭവം നേരിട്ടിട്ടുണ്ടെന്നും ഉമേഷ് പറഞ്ഞു. "ഇത് നിങ്ങളുടെ യാത്രയുടെ ഭാഗമാണ്. എനിക്കും ഇത് സംഭവിച്ചിട്ടുണ്ട്. ചിലപ്പോൾ നിങ്ങൾ പ്രകടനത്തിന്‍റെ പേരിൽ ടീമിന് പുറത്താണ്, ചിലപ്പോൾ ഇത് മാനേജ്‌മെന്‍റിന്‍റെ തീരുമാനമാവും. ടീമിന്‍റെ ആവശ്യങ്ങള്‍ക്കാണ് നിങ്ങള്‍ പ്രാധാന്യം നല്‍കേണ്ടത്". ഉമേഷ് പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിലേക്ക് 22 മാസത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ കുല്‍ദീപ് ചിറ്റഗോങ്ങില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മിന്നും പ്രകടനമാണ് നടത്തിയത്. ആദ്യ ഇന്നിങ്‌സില്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായ 40 റണ്‍സിന് അഞ്ച് വിക്കറ്റ് നേടിയ താരം ആകെ എട്ട് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 40 റണ്‍സ് നേടി ബാറ്റുകൊണ്ടും താരം നിര്‍ണായക സംഭാവന നല്‍കി.