ദുബായ്: യുഎഇ ടി20 ലീഗിലെ ആറില്‍ അഞ്ച് ടീമുകളുടേയും ഉടമസ്ഥകള്‍ ഇന്ത്യന്‍ കമ്പനികള്‍. മൂന്ന് ഐപിഎൽ ഫ്രാഞ്ചൈസികളുള്‍പ്പെടെയാണ് യുഎഇ ടി20 ഇന്‍റര്‍നാഷണല്‍ ലീഗിന്‍റെ ഭാഗമാവുന്നത്. മുംബൈ ഇന്ത്യൻസിന്‍റെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്, ഷാരൂഖ് ഖാന്‍റെ നൈറ്റ് റൈഡേഴ്‌സ് ഗ്രൂപ്പ്, ഡൽഹി ക്യാപിറ്റൽസ് സഹ ഉടമകളായ ജിഎംആർ, അദാനി സ്‌പോർട്‌സ്‌ലൈൻ, കാപ്രി ഗ്ലോബൽ എന്നിവയാണ് ലീഗിന്‍റെ ഭാഗമാവുന്ന ഇന്ത്യന്‍ കമ്പനികള്‍.
യുഎഇ ടി20 ലീഗില്‍ ആറ് ടീമുകൾ, അഞ്ച് ഫ്രഞ്ചൈസികള്‍ക്കും ഇന്ത്യന്‍ ഉടമകള്‍ - നൈറ്റ് റൈഡേഴ്‌സ് ഗ്രൂപ്പ്
പരിചയ സമ്പന്നരായ വിശിഷ്ടരുടെ പങ്കാളിത്തം യുഎഇ ടി20 ലീഗിന് ശുഭസൂചനകൾ നൽകുന്നുവെന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് ചെയര്‍മാന്‍.
ഇവയ്‌ക്ക് പുറമെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളായ ഗ്ലേസറിന്‍റെ കമ്പനിയായ ലാൻസർ ക്യാപിറ്റൽസും ലീഗില്‍ ടീമിനെ സ്വന്തമാക്കിയിട്ടുണ്ട്. ഫ്രാഞ്ചൈസി ഉടമകളേയും ബ്രോഡ്‌കാസ്റ്റർ സീ തുടങ്ങി എല്ലാ ഓഹരി ഉടമകളെയും പുതുതായി സ്ഥാപിതമായ ടി20യിലേക്ക് സ്വാഗതം ചെയ്യുന്നതിൽ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡിന് സന്തോഷമുണ്ടെന്ന് ചെയർമാൻ ഷെയ്ഖ് നഹയാൻ മബാറക് അൽ നഹയാൻ പറഞ്ഞു.
പരിചയ സമ്പന്നരായ വിശിഷ്ടരുടെ പങ്കാളിത്തം യുഎഇ ടി20 ലീഗിന് ശുഭസൂചനകൾ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2023 ജനുവരി 6 മുതൽ ഫെബ്രുവരി 12 വരെയാണ് യുഎഇ ടി20 ലീഗിന്‍റെ പ്രഥമ സീസണ്‍ നടക്കുക.