ദുബായ്:ഓസ്‌ട്രേലിയന്‍ താരങ്ങളെ ലക്ഷ്യമിട്ട് യുഎഇ ടി20 ലീഗ്. ബിഗ് ബാഷ് ഉപേക്ഷിച്ച് യുഎഇ ടി20 ലീഗില്‍ കളിക്കാനെത്തുന്ന താരങ്ങള്‍ക്ക് പ്രതിവര്‍ഷം 5 കോടിയോളം രൂപയാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ വാഗ്‌ദാനം. ടി20 ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്ന് 15 താരങ്ങളെ ലീഗിലേക്ക് എത്തിക്കാനാണ് ഔദ്യോഗിക വൃത്തങ്ങള്‍ ശ്രമിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ബിഗ്ബാഷ് ലീഗില്‍ ഒരു ടീമുമായും കരാറിലില്ലാത്ത ഡേവിഡ് വാര്‍ണര്‍, കഴിഞ്ഞ സീസണോട് കൂടി ബ്രിസ്ബേന്‍ ഹീറ്റുമായുള്ള കരാര്‍ അവസാനിച്ച ക്രിസ് ലിന്‍ എന്നിവരെ ടൂര്‍ണമെന്‍റിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. അതേ സമയം വാര്‍ണറെ ബിബിഎല്ലില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയും ആരംഭിച്ചതായി 'ദി ഏജ്' 'സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡ്' തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ക്രിസ് ലിന്നുമായി അഡ്‌ലെയ്‌ഡ് സ്ട്രൈക്കേഴ്‌സും ചര്‍ച്ച നടത്തുന്നുണ്ട്.
ഓസ്ട്രേലിയന്‍ ടി20 ലീഗായ ബിഗ്‌ബാഷ് നടക്കുന്ന സമയത്താണ് യുഎഇ ടി20 ലീഗും നിശ്ചയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് യുഎഇ ടി20 ലീഗ് അധികൃതര്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് മോഹന വാഗ്‌ദാനം നല്‍കി രംഗത്തെത്തിയത്. ഇന്ത്യൻ പ്രീമിയർ ലീഗിന് (ഐപിഎൽ) പിന്നിൽ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം ലഭിക്കുന്ന രണ്ടാമത്തെ ലീഗായി ഇന്റർനാഷണൽ ലീഗ് ടി 20 (ഐഎൽടി 20) മാറുകയാണെന്നത് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.