ജോഹനാസ്ബര്‍ഗ്: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് (U19 World Cup 2024) തുടങ്ങാന്‍ ഒരാഴ്‌ച മാത്രം ശേഷിക്കെ നായകസ്ഥാനത്ത് നിന്നും ഡേവിഡ് ടീഗറെ നീക്കി ദക്ഷിണാഫ്രിക്ക (South Africa Removed David Teeger From Captaincy). ഇസ്രയേല്‍ പലസ്‌തീന്‍ സംഘര്‍ഷത്തില്‍ ഇസ്രയേല്‍ സൈന്യത്തിന് താരം നേരത്തെ പിന്തുണ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ താരത്തിന്‍റെയും മറ്റ് ടീം അംഗങ്ങളുടെയും സുരക്ഷ മുന്നില്‍ കണ്ടാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ തീരുമാനം.
2023 ഒക്‌ടോബറില്‍ ആയിരുന്നു ഇസ്രയേല്‍ സൈനികരെ പിന്തുണച്ച് കൊണ്ടുള്ള പരാമര്‍ശം എബിഎസ്എ ജൂത അര്‍ച്ചീവര്‍ അവാര്‍ഡ് ദാന ചടങ്ങിനിടെ ഡേവിഡ് ടീഗര്‍ നടത്തിയത്. പുരസ്‌കാര ചടങ്ങില്‍ ജൂത വിഭാഗത്തില്‍ നിന്നുള്ള 'റൈസിങ് സ്റ്റാര്‍' എന്ന അവാര്‍ഡിനായിരുന്നു താരം അര്‍ഹനായത്. തുടര്‍ന്ന് ചടങ്ങില്‍ സംസാരിക്കവെ യഥാര്‍ഥ പുത്തന്‍ താരോദയങ്ങള്‍ ഇസ്രയേലിലെ യുവ സൈനികര്‍ ആണെന്നായിരുന്നു ഡേവിഡ് ടീഗര്‍ അഭിപ്രായപ്പെട്ടത്.
ക്യാപ്‌റ്റന്‍ സ്ഥാനത്ത് നിന്നും നീക്കിയെങ്കിലും താരം ടീമില്‍ തുടരുമെന്നും ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക വ്യക്തമാക്കിയിട്ടുണ്ട്. 2024 കൗമാര ലോകകപ്പിലെ ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ പ്രധാന താരമാണ് ഡേവിഡ് ടീഗര്‍. അണ്ടര്‍ 19 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ നായകനായി ഡേവിഡ് ടീഗറെ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ രാജ്യത്ത് പ്രതിഷേധങ്ങള്‍ ഉടലെടുത്തിരുന്നു.
ന്യൂലാന്‍ഡ്‌സില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക ടീമുകള്‍ തമ്മിലേറ്റുമുട്ടിയ ടെസ്റ്റ് മത്സരത്തിന്‍റെ വേദിയിലേക്ക് പലസ്‌തീന്‍ അനുകൂല സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ടീഗറെ ക്യാപ്‌റ്റന്‍ സ്ഥാനത്ത് നിയമിച്ചത് ചോദ്യം ചെയ്‌തുകൊണ്ടായിരുന്നു ഇവരുടെ പ്രതിഷേധം. കൂടാതെ, പലസ്‌തീന്‍ പതാകയുമായി കളി കാണാന്‍ എത്തിയും ചിലര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു.