ജോർജ്ജ്ടൗൺ : അണ്ടര്‍ 19 ലോക കപ്പില്‍ അയര്‍ലന്‍ഡിനെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍. കൊവിഡിനെ തുടര്‍ന്ന് നായകന്‍ യാഷ് ധുലടക്കം ആറ് താരങ്ങളെ നഷ്ടമായിട്ടും 174 റണ്‍സിന്‍റെ ജയമാണ് ഇന്ത്യ പിടിച്ചത്. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ യാഷ് ധുലിന് പകരം നിഷാന്ത് സിന്ധുവാണ് ഇന്ത്യയെ നയിച്ചത്.
നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 308 റണ്‍സിന്‍റെ വിജയ ലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയത്. മറുപടിക്കിറങ്ങിയ അയര്‍ലന്‍ഡ് 39 ഓവറില്‍ 133 റണ്‍സില്‍ അവസാനിച്ചു.
ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ കാര്യമായൊന്നും ചെയ്യാന്‍ അയര്‍ലന്‍ഡ് താരങ്ങള്‍ക്കായില്ല. 40 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത സ്‌കോട്ട് മാക്‌ബെത്താണ് അയര്‍ലന്‍ഡിന്‍റെ ടോപ് സ്‌കോറര്‍. ജോഷ്വ കോക്‌സ് (28), ടിം ടെക്‌ടര്‍ (15), നഥാൻ മക്‌ഗുയർ (14) എന്നിവര്‍ മാത്രമാണ് അയര്‍ലന്‍ഡ് നിരയില്‍ രണ്ടക്കം കണ്ട മറ്റ് താരങ്ങള്‍. ആറ് കളിക്കാര്‍ക്ക് രണ്ടക്കം തൊടാനായില്ല.