കേപ്‌ടൗണ്‍: അണ്ടര്‍ 19 വനിത ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റു ചെയ്‌ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 166 റണ്‍സാണ് നേടിയത്.
മറുപടിക്കിറങ്ങിയ ഇന്ത്യ 16.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 170 റണ്‍സ് എടുത്താണ് വിജയം ഉറപ്പിച്ചത്. 57 പന്തില്‍ പുറത്താകാതെ 92 റണ്‍സെടുത്ത ഓപ്പണര്‍ ശ്വേത സെഹ്‌റാവത്താണ് ഇന്ത്യയുടെ വിജയശില്‍പ്പി. 20 ഫോറുകളടങ്ങുന്നതാണ് താരത്തിന്‍റെ തകര്‍പ്പന്‍ ഇന്നിങ്‌സ്.
16 പന്തില്‍ 45 റണ്‍സെടുത്ത് പുറത്തായ ക്യാപ്റ്റന്‍ ഷഫാലി വര്‍മയുടെ പ്രകടനവും നിര്‍ണായകമായി. ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ഷഫാലിയും ശ്വേതയും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 77 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്.