കേപ്‌ടൗണ്‍ : അണ്ടര്‍ 19 വനിത ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ജയം തുടര്‍ന്ന് ഇന്ത്യ. രണ്ടാം മത്സരത്തില്‍ യുഎഇയ്‌ക്കെതിരെ 122 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 219 റണ്‍സാണ് നേടിയത്.
മറുപടിക്കിറങ്ങിയ യുഎഇയ്‌ക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 97 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഓപ്പണര്‍മാരായ ശ്വേത സെഹ്‌റാവത്, ഷഫാലി വര്‍മ എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി പ്രകടനങ്ങളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 34 പന്തില്‍ 12 ഫോറുകളും നാല് സിക്‌സുകളും സഹിതം 78 റണ്‍സാണ് ക്യാപ്റ്റന്‍ ഷഫാലി അടിച്ചുകൂട്ടിയത്.
47 പന്തില്‍ 10 ബൗണ്ടറികള്‍ സഹിതം 72 റണ്‍സെടുത്ത ശ്വേത പുറത്താവാതെ നിന്നു. 29 പന്തില്‍ അഞ്ച് ഫോറുകളും രണ്ട് സിക്‌സുകളും സഹിതം 49 റണ്‍സെടുത്ത റിച്ച ഘോഷും തിളങ്ങി. തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യയ്‌ക്ക് ഓപ്പണര്‍മാരായ ഷഫാലിയും ശ്വേതയും നല്‍കിയത്. ആദ്യ വിക്കറ്റില്‍ 111 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കണ്ടെത്തിയത്.
ഒമ്പതാം ഓവറിന്‍റെ മൂന്നാം പന്തില്‍ ഷഫാലിയെ വീഴ്‌ത്തി ഇന്ദുജ നന്ദകുമാറാണ് യുഎഇയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്നെത്തിയ റിച്ചയും ആക്രമിച്ച് കളിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. 19ാം ഓവറിന്‍റെ ആദ്യ പന്തിലാണ് റിച്ച തിരിച്ച് കയറുന്നത്. ഗോങ്കാഡി തൃഷയാണ് പുറത്തായ മറ്റൊരു താരം.
അഞ്ച് പന്തില്‍ 11 റണ്‍സാണ് താരം നേടിയത്. യുഎഇയ്‌ക്കായി മഹിക ഗൗർ, സമൈറ എന്നിവരും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. മറുപടിക്കിറങ്ങിയ യുഎഇയ്‌ക്ക് ഒരു ഘട്ടത്തിലും വിജയ പ്രതീക്ഷ ഉയര്‍ത്താനായില്ല. 26 പന്തില്‍ 26 റണ്‍സെടുത്ത മഹികയാണ് സംഘത്തിന്‍റെ ടോപ് സ്‌കോറര്‍.
ലാവണ്യ കെനി (54 പന്തില്‍ 24), ക്യാപ്റ്റന്‍ തീര്‍ഥ സതീഷ് (5 പന്തില്‍ 16) എന്നിവരാണ് രണ്ടക്കം തൊട്ട താരങ്ങള്‍. ഇന്ത്യയ്‌ക്കായി ഷബ്‌നം എംഡി, ടിറ്റാസ് സാധു, മന്നത്ത് കശ്യപ്, പാർഷവി ചോപ്ര എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ അതിഥേയരായ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 7 വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു.
കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നാല് പോയിന്‍റോടെ ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനത്താണ്. ബുധനാഴ്‌ച സ്‌കോട്ട്‌ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.