North Sound (Antigua) :ഐസിസിയുടെ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ നാളെ കളത്തിലിറങ്ങുന്നു. ശക്‌തരായ ഇംഗ്ലണ്ടാണ് എതിരാളികൾ. 2020 ലെ ഫൈനലിൽ ബംഗ്ലാദേശിനോട് കാലിടറിയ ക്ഷീണം തീർക്കാനാണ് യഷ് ധൂളിന്‍റെ നേതൃത്വത്തിലുള്ള കുട്ടിപ്പട നാളെ കലാശക്കൊട്ടിനൊരുങ്ങുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 6.30ന് ആന്‍റിഗ്വയിലെ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തിലാണ് മത്സരം.
ഇതുവരെയുള്ള 14 എഡിഷനുകളിലായി എട്ട് ഫൈനലുകളിലാണ് ഇന്ത്യൻ പട കളിച്ചിട്ടുള്ളത്. ഇതിൽ 2000, 2008, 2012, 2018 എന്നീ വർഷങ്ങളിലാണ് ഇന്ത്യ കപ്പുയർത്തിയത്. 2008 ഇന്ത്യൻ റണ്‍ മെഷീൻ വിരാട് കോലിയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യ കിരീടം ചൂടിയത്.
ഇത്തവണത്തെ ടൂർണമെന്‍റിലുടനീളം മിന്നുന്ന പ്രകടനമാണ് ഇന്ത്യ കാഴ്‌ചവച്ചത്. ഒരു മത്സരത്തിൽ പോലും പരാജയമറിയാതെയാണ് ഇന്ത്യ ഫൈനൽ വരെയെത്തിയത്. ഗ്രൂപ്പ് ബിയിലായിരുന്ന ഇന്ത്യ സൗത്ത് ആഫ്രിക്ക, അയർലാൻഡ്, ഉഗാണ്ട എന്നിവരെ തകർത്ത് ഗ്രൂപ്പ് ജേതാക്കളായാണ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്.
ക്വാർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിനും, സെമിയിൽ ഓസ്ട്രേലിയയെ 96 റണ്‍സിന് തകർത്തുമാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. ഇന്ത്യയെപ്പോലെത്തന്നെ കളിച്ച മത്സരങ്ങളെല്ലാം ജയിച്ചാണ് ഇംഗ്ലണ്ടും ഫൈനലിലെത്തിയത്. അതിനാൽ തന്നെ ഫൈനൽ മത്സരം തീ പാറുമെന്നുറപ്പ്.
ALSO READ:ആഫ്രിക്കന്‍ നേഷന്‍സ് കപ്പ്: കാമറൂണിനെ വീഴ്ത്തി ഈജിപ്‌ത് ഫൈനലില്‍