ലോക ഏകദിന റാങ്കിങ്ങിലെഒന്നാം സ്ഥാനക്കാര്‍, തങ്ങള്‍ക്കൊപ്പം ഒന്നാം നമ്പര്‍ ബാറ്ററും (ICC ODI Batter) ഏത് വമ്പന്‍മാരെയും വിറപ്പിക്കുന്ന പേസ് ആക്രമണവും.. ഇങ്ങനെ ആയിരുന്നു ഏഷ്യ കപ്പിലേക്ക് (Asia Cup 2023) പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ (Pakistan Cricket Team) വരവ്. ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തില്‍ കിരീട സാധ്യത കല്‍പ്പിച്ചിരുന്ന ടീമുകളില്‍ ഒന്നും ബാബര്‍ അസമിന്‍റെ (Babar Azam) പാകിസ്ഥാന്‍ തന്നെയായിരുന്നു. എന്നാല്‍, സൂപ്പര്‍ ഫോറിലെ തുടര്‍ച്ചയായ തോല്‍വികള്‍ ടീമിന് പുറത്തേക്കുള്ള വഴിയും തുറന്നു.
കുഞ്ഞന്‍മാരായ നേപ്പാളിനെതിരെ വമ്പന്‍ ജയം നേടിയാണ് പാകിസ്ഥാന്‍ തങ്ങളുടെ ഏഷ്യ കപ്പ് 2023ലെ യാത്ര തുടങ്ങിയത്. ലോക ഒന്നാം നമ്പര്‍ ബാറ്ററായ ബാബര്‍ അസം സെഞ്ച്വറിയടിച്ച മത്സരത്തില്‍ നേപ്പാളിനെതിരെ 238 റണ്‍സിനായിരുന്നു പാകിസ്ഥാന്‍റെ ജയം. രണ്ടാമത്തെ മത്സരത്തില്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിനെ വിറപ്പിക്കാന്‍ അവര്‍ക്കായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയെ 266 റണ്‍സില്‍ എറിഞ്ഞിടാന്‍ പാകിസ്ഥാനായി. എന്നാല്‍, ആ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചതാണ് ടീമിന് തിരിച്ചടിയായത്. തുടര്‍ന്ന് സൂപ്പര്‍ ഫോറിലെ ആദ്യ കളിയില്‍ ബംഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയവും അവര്‍ നേടിയെടുത്തു.
അവിടെ നിന്നും ഫൈനലിലേക്കൊരു ഈസി വാക്കോവര്‍ ആയിരുന്നു പാക് ക്രിക്കറ്റ് ടീം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, അടുത്ത മത്സരത്തില്‍ ഇന്ത്യയെ നേരിട്ട അവരെ കാത്തിരുന്നത് വലിയൊരു ദുരന്തമായിരുന്നു. മഴയെ തുടര്‍ന്ന് റിസര്‍വ് ദിനത്തിലേക്ക് നീങ്ങിയ കളിയില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ കരുത്തുറ്റ പാക് ബൗളിങ് നിരയ്‌ക്കെതിരെ 356 റണ്‍സ് വഴങ്ങി.
മറുപടി ബാറ്റിങ്ങില്‍ ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ ബാബര്‍ അസം ഉള്‍പ്പെട്ട പാക് നിര തകര്‍ന്നടിഞ്ഞു. ഇന്ത്യയോട് 228 റണ്‍സിന്‍റെ തോല്‍വി. അവസാനം, ഇന്നലെ (സെപ്‌റ്റംബര്‍ 14) ശ്രീലങ്കയോടേറ്റ തോല്‍വിയോടെ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തേക്ക്. വമ്പന്‍ അവകാശവാദങ്ങളുമായി ഏഷ്യ കപ്പിനെത്തിയ പാകിസ്ഥാന്‍ ഫൈനലിന് യോഗ്യത നേടാതെ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായതോടെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ട്രോളുകളും നിറയുകയാണ്.