ദുബായ്:2023 നവംബറിലെ ഐസിസി പുരുഷ താരമായി (ഐസിസി പ്ലെയര്‍ ഓഫ് ദി മന്ത് ) ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ്. (Travis Head Wins ICC Men's Player of the Month for November 2023). ഏകദിന ലോകകപ്പ് (Cricket World Cup 2023) ഫൈനലില്‍ ഇന്ത്യയ്‌ക്കും സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കും എതിരായ പ്രകടന മികവാണ് 29-കാരനായ ഹെഡിന് തുണയായത്. ഇരു മത്സരങ്ങളിലെയും താരമായി തിരഞ്ഞെടുക്കപ്പെടുക കൂടി ചെയ്‌ത ഹെഡ് നവംബറില്‍ ആകെ 220 റണ്‍സായിരുന്നു നേടിയിരുന്നത്.
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ 48 പന്തില്‍ 62 റണ്‍സായിരുന്നു താരം നേടിയത്. താരത്തിന്‍റെ മികവില്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തി 212 റണ്‍സിന്‍റെ വിജയ ലക്ഷ്യം മൂന്ന് വിക്കറ്റുകള്‍ക്ക് നേടിയെടുക്കാന്‍ ഓസീസിന് കഴിഞ്ഞു. ഇന്ത്യയ്‌ക്കെതിരെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ബാറ്റിങ്ങിലും ബോളിങ്ങിലും ഫീല്‍ഡിങ്ങിലും ട്രാവിസ് ഹെഡ് മിന്നി.
മികച്ച ഫോമില്‍ കളിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പിന്നിലേക്ക് ഓടി കയ്യിലൊതുക്കിയ താരത്തിന്‍റെ പ്രകടനം മത്സരത്തിലെ വഴിത്തിരിവുകളില്‍ ഒന്നായിരുന്നു. പിന്നീട് ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സിന്‍റെ ലക്ഷ്യം പിന്തുടാരാന്‍ ഇറങ്ങിയ ഓസീസിന് തുടക്കം തിരിച്ചടിയേറ്റെങ്കിലും ഹെഡ് തല ഉയര്‍ത്തിത്തന്നെ പോരാടിയതാണ് വിജയത്തിന് നിര്‍ണായകമായത്. 120 പന്തുകളില്‍ 137 റണ്‍സായിരുന്നു 29-കാരന്‍ അടിച്ചെടുത്തത്. (Travis Head in Cricket World Cup 2023 Final)
സഹതാരമായ ഗ്ലെൻ മാക്‌സ്‌വെല്ലിന്‍റെയും ഇന്ത്യൻ സീമർ മുഹമ്മദ് ഷാമിയുടെയും കടുത്ത വെല്ലുവിളി മറികടന്നാണ് ട്രാവിസ് ഹെഡ് അവാര്‍ഡ് തൂക്കിയത്. ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരായ ഗംഭീര ഡബിൾ സെഞ്ച്വറിയുള്‍പ്പെടെയുള്ള പ്രകടനത്തിന്‍റെ ബലത്തിലായിരുന്നു ഗ്ലെൻ മാക്‌സ്‌വെല്ലിന് അവാര്‍ഡിന് നാമനിര്‍ദേശം ലഭിച്ചത്. ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും 24 വിക്കറ്റ് വീഴ്ത്തിയക്കൊണ്ടായിരുന്നു ഷമി തന്‍റെ പേര് മുന്നോട്ട് വച്ചത്.