കേരളം

kerala

ETV Bharat / sports

Travis Head |തിരിച്ചുവരവില്‍ അടിയോടടി, 'ട്രാവ്‌ബോൾ': ഇംഗ്ലണ്ടിന്‍റെ ബാസ്ബോളിന് ഓസീസിന്‍റെ ഒറ്റയാൾ മറുപടി... - ആദം ഗിൽക്രിസ്റ്റ്

ഓസ്‌ട്രേലിയയുടെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവില്‍ മറ്റൊരു ട്രാവിസ് ഹെഡിനെയാണ് കാണാന്‍ കഴിഞ്ഞത്. നേരിടുന്ന ആദ്യ പന്തുതൊട്ട് ആക്രമിച്ച് കളിക്കുന്ന താരത്തിന്‍റെ ശൈലിയെ 'ട്രാവ്‌ബോൾ' എന്ന് തന്നെ വിളിക്കാം.

Travis Head career  Travis Head in Ashes  The Ashes updates  Travis Head batting  Travis Head  ashes 2023  australia cricket team  TravBall  bazball  ട്രാവിസ് ഹെഡ്  ട്രാവിസ് ഹെഡ് സ്‌ട്രൈക്ക് റേറ്റ്  ആഷസ്  ബാസ്‌ ബോള്‍  ട്രാവ്‌ബോൾ  ആദം ഗിൽക്രിസ്റ്റ്  Adam Gilchrist
ട്രാവിസ് ഹെഡ്

By

Published : Jun 30, 2023, 1:49 PM IST

2021-ഡിസംബറിൽ ദേശീയ ടീമിലേക്ക് തിരിച്ചെത്തിയത് മുതല്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ മധ്യനിരയിലെ സുപ്രധാന താരമായി മാറിയിരിക്കുകയാണ് ട്രാവിസ് ഹെഡ്. നേരിടുന്ന ആദ്യ പന്തുതൊട്ട് ആക്രമിച്ച് കളിക്കുന്ന തന്‍റെ ശൈലിയിലൂടെ ടീമിനായി ഇതിനകം തന്നെ നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ 29-കാരനായ ട്രാവിസ് ഹെഡ് നടത്തിയിട്ടുണ്ട്. ഇന്ത്യൻ ഇടങ്കയ്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ്‌ പന്തായിരുന്നു നേരത്തെ ഇത്തരം നിർഭയ ബാറ്റിങ്ങിലൂടെ ടീമിന് മുതല്‍ക്കൂട്ടാവുന്ന പ്രകടനങ്ങളിലൂടെ ആരാധകരുടെ കയ്യടി നേടിയത്.

ട്രാവിസ് ഹെഡ്

ഒരു ടീമെന്ന നിലയില്‍ ടെസ്റ്റ് ക്രിക്കറ്റിന്‍റെ സാമ്പ്രദായിക രീതികളില്‍ നിന്നും മാറി ആക്രമാണത്മക ശൈലിയിലേക്ക് തിരിഞ്ഞത് നിലവില്‍ ഇംഗ്ലണ്ടാണ്. കോച്ച് ബ്രണ്ടന്‍ മക്കെല്ലത്തിനും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനും കീഴില്‍ കളിക്കുന്ന ഈ ഫയര്‍ ബ്രാന്‍ഡ് ക്രിക്കറ്റിന് 'ബാസ്‌ബോള്‍' എന്നാണ് വിളിപ്പേരുള്ളത്. ഈ ശൈലിയെ ട്രാവിസ് ഹെഡുമായി ചേര്‍ത്തുനിര്‍ത്തുമ്പോള്‍ 'ട്രാവ്‌ബോൾ' എന്ന് തന്നെ അതിനെ വിളിക്കാം.

ഓസ്‌ട്രേലിയയ്‌ക്കായി ഇതേവരെ 39 ടെസ്റ്റുകള്‍ക്കിറങ്ങിയ ട്രാവിസ് ഹെഡ് 47.10 ശരാശരിയിലും 64.23 സ്‌ട്രൈക്ക് റേറ്റിലും 2,685 റൺസാണ് നേടിയിട്ടുള്ളത്. കളിച്ച 62 ഇന്നിങ്‌സുകളില്‍ നിന്നായി ആറ് സെഞ്ചുറികളും 15 അർധസെഞ്ചുറികളും നേടിയ ഹെഡിന്‍റെ മികച്ച സ്‌കോര്‍ 175 റണ്‍സാണ്. ഈ കണക്കുകള്‍ ഏറെ മികച്ചതാണ്. എന്നാല്‍ ഹെഡിന്‍റെ 'ട്രാവ്‌ബോൾ' ശൈലിയുടെ വിജയമറിയാന്‍ താരത്തിന്‍റെ കരിയറിനെ രണ്ടായി തിരിക്കേണ്ടതുണ്ട്.

തിരിച്ചുവരവിന് മുമ്പും പിമ്പും:ഒന്ന്, 2018 ഒക്‌ടോബറിലെ അരങ്ങേറ്റം മുതൽ 2020 ഡിസംബർ വരെ. മോശം പ്രകടനത്തെ തുടര്‍ന്ന് ടീമിന് നിന്ന് ഒഴിക്കുന്നത് വരെയുള്ള കാലയളവാണിത്. മറ്റൊന്ന് 2021 ഡിസംബർ മുതല്‍ തിരിച്ചുവരവ് തൊട്ടു ഇന്നുവരെയുള്ള കാലയളവും. 2018 ഒക്‌ടോബർ മുതൽ, 2020 ഡിസംബർ വരെ 19 ടെസ്റ്റുകള്‍ കളിച്ച ട്രാവിസ് ഹെഡ് 39.75 ശരാശരിയിൽ 1,153 റൺസാണ് നേടിയത്.

49.65 ആയിരുന്നു താരത്തിന്‍റെ സ്‌ട്രൈക്ക് റേറ്റ്. ഈ കാലയളവിൽ രണ്ട് സെഞ്ചുറികളും ഏഴ് അർധസെഞ്ചുറികളും നേടിയ താരത്തിന്‍റെ മികച്ച സ്‌കോര്‍ 161 റണ്‍സായിരുന്നു. ഒരു വർഷത്തെ ഇടവേളയ്‌ക്ക് ശേഷം 2021-ല്‍ സ്വന്തം നാട്ടില്‍ നടന്ന ആഷസിലൂടെയാണ് താരം ഓസീസ് ടീമിലേക്ക് തിരികെയെത്തുന്നത്. ഇതിന് ശേഷം ഇതുവരെ 20 ടെസ്റ്റുകൾ കളിച്ച താരം 54.71 ശരാശരിയിൽ 1,532 റൺസാണ് കണ്ടെത്തിയിട്ടുള്ളത്.

ഇതില്‍ 31 ഇന്നിങ്‌സികളില്‍ നിന്നും നാല് സെഞ്ചുറികളും എട്ട് അർധ സെഞ്ചുറികളും നേടിയ താരത്തിന്‍റെ ഉയര്‍ന്ന സ്‌കോര്‍ 175 ആയി. എന്നാല്‍ ഏറെ എടുത്തു പറയേണ്ടത് സ്‌ട്രൈക്ക് റേറ്റ് 82.45 ആയി ഉയർന്നുവെന്നതാണ്. തന്‍റെ തിരിച്ചുവരവിലാണ് ട്രാവിസ് ഹെഡ് 'ട്രാവ്‌ബോളി'നേയും കൂടെക്കൂട്ടി മികവിലേക്ക് ഉയര്‍ന്നതെന്ന് ഉറപ്പിക്കാന്‍ ഈ കണക്കുകള്‍ മാത്രം മതി.

ആദം ഗിൽക്രിസ്റ്റ് (81.95), ആൻഡ്രൂ സൈമണ്ട്സ് (64.81), മൈക്കൽ ക്ലാർക്ക് (55.92), സ്റ്റീവ് സ്മിത്ത് (53.77), ഡാമിയൻ മാർട്ടിൻ (51.41), സ്റ്റീവ് വോ (48.64) എന്നിങ്ങനെയുള്ള ആധുനിക ഓസ്‌ട്രേലിയൻ മധ്യനിര ബാറ്റര്‍മാരുടെ ടെസ്റ്റ് കരിയർ സ്‌ട്രൈക്ക് റേറ്റിനേക്കാൾ ഏറെ കൂടുതലാണിത്. ഹെഡ്‌സിന്‍റെ കരിയറിന്‍റെ കാര്യം നോക്കിയാലും ഗിൽക്രിസ്റ്റിനും സൈമണ്ട്സിനും തൊട്ടുപിന്നില്‍ താരത്തിന് നിലവില്‍ സ്ഥാനമുണ്ട്.

മറ്റൊരു ഹെഡ്:ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിച്ചത് മുതൽ, മറ്റൊരു ഹെഡ്‌സിനെയാണ് കാണാന്‍ കഴിഞ്ഞത്. 2021-23 വരെയുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയില്‍ ആറാമതെത്താന്‍ 29-കാരന് കഴിഞ്ഞിരുന്നു. 55.56 ശരാശരിയിലും 81.80 സ്ട്രൈക്ക് റേറ്റിലും 1,389 റൺസാണ് താരം അടിച്ച് കൂട്ടിയത്. കളിച്ച 28 ഇന്നിങ്‌സുകളിലായി നാല് സെഞ്ചുറികളും ആറ് അര്‍ധ സെഞ്ചുറികളും നേടിയ താരം ഇക്കാലയളവിലാണ് ടെസ്‌റ്റിലെ തന്‍റെ ഉയര്‍ന്ന സ്‌കോറായ 175 റണ്‍സ് നേടിയത്.

കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഓസീസ് താരങ്ങളുടെ പട്ടികയെടുത്താല്‍ ഉസ്മാൻ ഖവാജ (1,621 റൺസ്), മർനസ് ലബുഷെയ്‌ന്‍ (1,576 റൺസ്), സ്റ്റീവ് സ്മിത്ത് (1,407 റൺസ്) എന്നിവർക്ക് പിന്നാല്‍ നാലാം സ്ഥാനത്താണ് ഹെഡുള്ളത്. എന്നാല്‍ സ്‌ട്രൈക്ക് റേറ്റിന്‍റെ കാര്യമെടുത്താല്‍ ഇവര്‍ക്ക് ഏറെ മുന്നിലാണ് ഹെഡിന്‍റെ സ്ഥാനം. ഹെഡ്‌ ഒഴികെയുള്ള താരങ്ങളുടെ സ്‌ട്രൈക്ക് റേറ്റ് 40 മുതല്‍ക്ക് 50 നോട് അടുത്തുള്ള സംഖ്യയിലാണുള്ളത്.

വാസ്തവത്തിൽ, കുറഞ്ഞത് 10 ടെസ്റ്റുകളെങ്കിലും കളിച്ച കളിക്കാരിൽ ഏറ്റവും ഉയർന്ന സ്‌ട്രൈക്ക് റേറ്റ് ഹെഡിനായിരുന്നുവെന്ന് കാണാം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ കഴിഞ്ഞ സൈക്കിളില്‍ ഏറ്റവും ഉയർന്ന സ്‌ട്രൈക്ക് റേറ്റ് ഇംഗ്ലണ്ട് ഓൾറൗണ്ടർ വിൽ ജാക്ക്‌സിനാണുള്ളത്. രണ്ട് ടെസ്റ്റുകൾ മാത്രം കളിച്ച താരം 98.88 സ്‌ട്രൈക്ക് റേറ്റിൽ 89 റൺസാണ് നേടിയത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ പുതിയ സൈക്കിളിനാണ് ഇംഗ്ലണ്ടിനെതിരായ 2023-ലെ ആഷസിലൂടെ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ തുടക്കം കുറിച്ചിരിക്കുന്നത്. സ്റ്റോക്‌സ്-മക്കല്ലം സഖ്യത്തിന്‍റെ 'ബാസ്‌ബോളിനെതിരെ' 'ട്രാവ്‌ബോൾ' ആഷസ് നിലനിർത്താൻ ഓസീസിനെ സഹായിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

ALSO READ: Sarfaraz Khan| ഇതൊക്കെ ഒരു കാരണമാണോ...സർഫറാസിന് അങ്ങനെയൊരു പ്രശ്‌നമുണ്ടെങ്കില്‍ പരിഹരിക്കേണ്ടത് ആരാണ്... ചോദ്യങ്ങളുമായി മുൻ താരം

ABOUT THE AUTHOR

...view details