ഹൈദരാബാദ് :ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും (World Test Championship 2023) ക്രിക്കറ്റ് ലോകകപ്പും (Cricket World Cup 2023) ഉള്‍പ്പടെ പുരുഷ ക്രിക്കറ്റില്‍ പ്രധാനപ്പെട്ട രണ്ട് ഐസിസി ടൂര്‍ണമെന്‍റുകള്‍ നടന്ന വര്‍ഷമാണ് കടന്നുപോകുന്നത്. രണ്ട് ടൂര്‍ണമെന്‍റിലും കപ്പടിച്ച് ഓസ്‌ട്രേലിയന്‍ ടീമാണ് ഈ വര്‍ഷം നേട്ടം കൊയ്‌തത്. രണ്ട് ടൂര്‍ണമെന്‍റിന്‍റെയും കലാശപ്പോരില്‍ വീണത് ഇന്ത്യയുടെ കണ്ണുനീരുമായിരുന്നു.
ലോകം 2024ലേക്ക് കടക്കാനിരിക്കെ 2023ലെ പുരുഷ ക്രിക്കറ്റര്‍ ആരാകുമെന്ന ചര്‍ച്ച ക്രിക്കറ്റ് ലോകത്ത് ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സും (Pat Cummins) ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുമാണ് (Virat Kohli) 2023ലെ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരെന്നാണ് ആരാധകര്‍ പറയുന്നത്. ഈ വര്‍ഷത്തെ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരെല്ലാമെന്ന് പരിശോധിക്കാം.
പാറ്റ് കമ്മിന്‍സ് :2023ലെ ക്രിക്കറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന താരമാണ് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്. ഈ വര്‍ഷം നിരവധി നേട്ടങ്ങളാണ് ലോക ക്രിക്കറ്റില്‍ താരം സ്വന്തമാക്കിയത്. ക്യാപ്‌റ്റനായുള്ള ആദ്യ പരീക്ഷണത്തില്‍ തന്നെ ഓസ്‌ട്രേലിയയെ ലോക ടെസ്റ്റ് ചാമ്പ്യന്മാരാക്കാന്‍ പാറ്റ് കമ്മിന്‍സിനായി. പിന്നാലെ, ഇംഗ്ലണ്ടിലെത്തി ആഷസ് കിരീടം നിലനിര്‍ത്തി. തുടര്‍ന്നായിരുന്നു മൈറ്റ് ഓസീസിനെ പാറ്റ് കമ്മിന്‍സ് ആറാം ലോക കിരീടത്തിലേക്ക് നയിച്ചത്.
കമ്മിന്‍സിന് കീഴില്‍ 11 ടെസ്റ്റ് മത്സരം കളിച്ച ഓസ്‌ട്രേലിയ അതില്‍ അഞ്ച് എണ്ണത്തിലും ജയം നേടി. ഏകദിനത്തിലെ 13 മത്സരത്തിലെ 10 എണ്ണത്തിലും ടീമിനെ ജയത്തിലേക്ക് നയിക്കാന്‍ കമ്മിന്‍സ് എന്ന ക്യാപ്‌റ്റന് സാധിച്ചു. ക്യാപ്‌റ്റന്‍സി മികവ് മാത്രമല്ല, താരത്തിന്‍റെ ബൗളിങ്ങിലെ പ്രകടനവും ഈ വര്‍ഷം മികച്ച് നിന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 42 വിക്കറ്റും ഏകദിനത്തില്‍ 17 വിക്കറ്റുമാണ് കമ്മിന്‍സ് പോയവര്‍ഷം എറിഞ്ഞിട്ടത്.
വിരാട് കോലി : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഉള്‍പ്പടെ തകര്‍പ്പന്‍ പ്രകടനമാണ് പോയ വര്‍ഷം വിരാട് കോലി കാഴ്‌ചവച്ചത്. ലോകകപ്പിലെ ടോപ് സ്കോററായ താരം ഈ വര്‍ഷം ആകെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും നേടിയത് 2048 റണ്‍സാണ്. കരിയറില്‍ ഇത് ഏഴാമത്തെ പ്രാവശ്യമാണ് താരം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 2000 റണ്‍സ് നേടുന്നത്.