സിഡ്‌നി :ഇന്ത്യയുടെ ഏഷ്യ കപ്പ് ടീമിൽ സൂര്യകുമാർ യാദവ് (Suryakumar Yadav ) ഇടം നേടിയത് ഭാഗ്യം കൊണ്ടെന്ന് ഓസ്‌ട്രേലിയയുടെ മുന്‍ താരം ടോം മൂഡി(Tom Moody). സൂര്യകുമാര്‍ യാദവ് ടി20 ഫോര്‍മാറ്റില്‍ മികച്ച പ്രതിഭയാണ് (Tom Moody On Suryakumar's Inclusion). എന്നാല്‍ ഏകദിന ഫോര്‍മാറ്റില്‍ ഇതേവരെ തിളങ്ങാന്‍ 31-കാരന് കഴിഞ്ഞിട്ടില്ലെന്നും ടോം മൂഡി പറഞ്ഞു.
സൂര്യയ്‌ക്ക് പകരം യശസ്വി ജയ്‌സ്വാളിനെ (yashasvi jaiswal) പോലെ ഒരു താരത്തേയോ അല്ലെങ്കിൽ മറ്റൊരു റിസ്റ്റ് സ്പിന്നറേയോ ഇന്ത്യയ്‌ക്ക് ടീമിലെടുക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "ഇന്ത്യയുടെ ഏഷ്യ കപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടാന്‍ കഴിഞ്ഞത് സൂര്യകുമാര്‍ യാദവിന്‍റെ ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. ടി20 ഫോര്‍മാറ്റില്‍ നമ്മൾ എല്ലാവരും കാണാൻ ഇഷ്ടപ്പെടുന്ന ഒരു കളിക്കാരനാണ് അവനെന്ന് എനിക്കറിയാം.
പക്ഷേ 50 ഓവർ ഫോര്‍മാറ്റില്‍ ഇതുവരെ പ്രാവീണ്യം നേടാന്‍ അവന് കഴിഞ്ഞിട്ടില്ല. ഇതിനകം തന്നെ സൂര്യകുമാര്‍ 20-ലധികം ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ മതിപ്പുളവാക്കുന്ന പ്രകടനങ്ങള്‍ നടത്താന്‍ അവന് കഴിഞ്ഞിട്ടില്ല.
എന്‍റെ അഭിപ്രായത്തില്‍ ഇന്ത്യയ്‌ക്ക് ഇതിലും മികച്ച ഒപ്‌ഷനുകള്‍ ലഭ്യമാണ്. യശസ്വി ജയ്‌സ്വാളിനെപ്പോലെ ഒരു യുവതാരത്തെ അവര്‍ക്ക് തെരഞ്ഞെടുക്കാമായിരുന്നു. അല്ലെങ്കിൽ ആ സ്ഥാനം എടുത്ത് ഒരു റിസ്റ്റ് സ്പിന്നറെ എടുക്കാമായിരുന്നു. ടി20 ക്രിക്കറ്റില്‍ സൂര്യകുമാര്‍ യാദവ് ഒരു പ്രതിഭയാണ്.
അക്കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. എന്നാൽ 50 ഓവർ ക്രിക്കറ്റ് തികച്ചും വ്യത്യസ്തമായ ഫോർമാറ്റാണ്. അതിലേക്ക് തന്‍റെ ഫോം പകര്‍ത്താന്‍ അവന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇനി അവസാന നിമിഷം അവൻ അത് ചെയ്യുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല" - ടോം മൂഡി പറഞ്ഞു.
ഇന്ത്യയുടെ ടി20 സ്‌ക്വാഡുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമത്തോടായിരുന്നു ഐപിഎല്ലില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്‍റെ മുന്‍ പരിശീലകന്‍ കൂടിയായ ടോം മൂഡിയുടെ വാക്കുകള്‍. ടി20 ക്രിക്കറ്റിലെ മികവ് തുടരുകയാണെങ്കിലും ഏകദിനത്തിലേക്ക് എത്തുമ്പോള്‍ സൂര്യയ്‌ക്ക് കാര്യങ്ങള്‍ ഏറെ പ്രയാസമാണ്.
2023 ഓഗസ്റ്റ് വരെ, 26 ഏകദിന മത്സരങ്ങളിലാണ് താരം ഇന്ത്യയ്‌ക്കായി കളിച്ചിട്ടുള്ളത്. ഇതിലെ 24 ഇന്നിംഗ്‌സുകളിൽ നിന്നും 511 റൺസ് മാത്രമാണ് സൂര്യകുമാര്‍ നേടിയത്. ശരാശരിയാവട്ടെ 24.33 മാത്രമാണ്. ഈ വര്‍ഷം 10 മത്സരങ്ങള്‍ കളിച്ച താരത്തിന്‍റെ ശരാശരി വെറും 14 റണ്‍സാണ്.
ALSO READ: KL Rahul To Miss India Vs Pakistan Match ഏഷ്യ കപ്പ്: പാകിസ്ഥാനെതിരെ രാഹുല്‍ കളിക്കില്ല; സ്ഥിരീകരിച്ച് അഗാര്‍ക്കര്‍
ഏഷ്യ കപ്പ് ഇന്ത്യന്‍ ടീം (India Squad Asia Cup):രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, തിലക് വർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (വിസി),ശാര്‍ദുൽ താക്കൂർ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസൺ (ബാക്കപ്പ്).