ബെംഗളൂരു : ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ സൗത്ത് സോണും നോർത്ത് സോണും തമ്മിലുള്ള സെമി ഫൈനല്‍ മത്സരം ചര്‍ച്ചയാവുന്നു. മത്സരത്തിന്‍റെ അവസാന ദിനത്തിലെ നോര്‍ത്ത് സോണിന്‍റെ 'സമയം കളയല്‍' തന്ത്രത്തിനെതിരെ കടുത്ത വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. മത്സരത്തിന്‍റെ അവസാന സെഷനില്‍ 5.5 ഓവർ പന്തെറിയാന്‍ ജയന്ത് യാദവിന്‍റെ നേതൃത്വത്തിലുള്ള നോർത്ത് സോൺ 53 മിനിട്ട് നേരമാണ് എടുത്തത്.
ഇത് സൗത്ത് സോണ്‍ ബാറ്റര്‍മാരെ അമ്പരപ്പിക്കുകയും ആരാധകരെ ഏറെ നിരാശയിലാക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ സൗത്ത് സോണിന്‍റെ വിജയം വൈകിപ്പിക്കാന്‍ മാത്രമാണ് നോര്‍ത്ത് സോണിന്‍റെ ഈ സമയം കളയല്‍ തന്ത്രത്തിന് കഴിഞ്ഞത്. മത്സരത്തിന്‍റെ 100 മിനിട്ടോളം മഴയെടുത്തിരുന്നു.
മഴമാറി ബാറ്റിങ് പുനരാരംഭിക്കുമ്പോള്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്‌താല്‍ വിജയമുറപ്പിക്കാമെന്ന വ്യക്തമായ ധാരണ സൗത്ത് സോണിനുണ്ടായിരുന്നു. എന്നാല്‍ നോര്‍ത്ത് സോണാവട്ടെ മിക്ക ഫീൽഡർമാരെയും ബൗണ്ടറി റോപ്പിൽ നിര്‍ത്തി. തുടര്‍ന്ന് അവസാന സെഷനിൽ എറിയുന്ന ഓരോ പന്തിലും ഫീൽഡില്‍ മാറ്റം വരുത്തി സമയം കളയുകയും ചെയ്‌തു.
ഇതോടെ വിജയത്തിനായി വേണ്ടിവന്ന 32 റൺസ് 5.5 ഓവറില്‍ എടുത്തെങ്കിലും അതിനായി 53 മിനിട്ട് സമയമാണ് വേണ്ടിവന്നത്. ഇതില്‍ ആദ്യ മൂന്ന് ഓവറുകള്‍ എറിഞ്ഞ് തീര്‍ക്കാന്‍ 10 മിനിട്ട് വീതം നേരമാണ് സൗത്ത് സോണ്‍ എടുത്തത്. നാലാം ഓവര്‍ പൂര്‍ത്തിയാക്കാന്‍ 12 മിനിട്ടും അഞ്ചാം ഓവറിലെ അഞ്ച് പന്തുകള്‍ എറിയാന്‍ ഏഴ് മിനിട്ടും സമയമാണ് ടീം എടുത്തത്.