ഡബ്ലിന്‍:അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് അരങ്ങേറ്റം നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഏവരുടെയും പ്രീതി പിടിച്ച് പറ്റിയ താരമാണ് തിലക് വര്‍മ (Tilak Varma). ടീം ഇന്ത്യയുടെ (India) കഴിഞ്ഞ വിന്‍ഡീസ് പര്യടനത്തിലൂടെ ആയിരുന്നു താരത്തിന്‍റെ അരങ്ങേറ്റം. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് (Hardik Pandya) കീഴില്‍ ഇറങ്ങിയ ടീമിനായി താരം ബാറ്റുകൊണ്ട് മിന്നും പ്രകടനം കാഴ്‌ചവച്ചിരുന്നു.
പരമ്പര ഇന്ത്യ (India) കൈവിട്ടെങ്കിലും തന്‍റെ പ്രകടനമികവ് കൊണ്ട് തിലക് വര്‍മ പ്രമുഖരുടെ പ്രശംസ സ്വന്തമാക്കി. വിന്‍ഡീസില്‍ ടി20 പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് തിലക് വര്‍മ നടത്തിയത്. അവിടെ നാല് ഇന്നിങ്‌സില്‍ നിന്നും 173 റണ്‍സ് തിലക് അടിച്ചുകൂട്ടി. ഒരു അര്‍ധസെഞ്ച്വറിയും നേടാന്‍ ഇടംകയ്യന്‍ ബാറ്റര്‍ക്ക് സാധിച്ചിരുന്നു. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഒരു ഇന്ത്യന്‍ ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറായിരുന്നു വിന്‍ഡീസില്‍ തിലക് വര്‍മ നേടിയത്.
ഇതിന് പിന്നാലെ അയര്‍ലന്‍ഡ് (Ireland) പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലും താരം ഇടം കണ്ടെത്തിയിരുന്നു. എന്നാല്‍, ഐറിഷ് പടയ്‌ക്കെതിരെ അത്ര മികച്ച തുടക്കമല്ല ഇപ്പോള്‍ താരത്തിന് ലഭിച്ചിരിക്കുന്നത്.
ആദ്യ കളിയില്‍ മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ താരത്തിന് റണ്‍സൊന്നുമെടുക്കാനായിരുന്നില്ല. തിലക് വര്‍മ നേരിട്ട ആദ്യ പന്തില്‍ ആണ് പുറത്തായത്. അയര്‍ലന്‍ഡ് താരം ക്രൈഗ് യങ്ങിന്‍റെ (Craig Young) പന്തില്‍ വിക്കറ്റ് കീപ്പര്‍ ലോറന്‍ ടക്കറായിരുന്നു (Loran Tucker) തിലകിനെ പിടികൂടിയത്.