മുംബൈ: ഐപിഎല്‍ സീസണില്‍ മോശം പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് നടത്തിയത്. 15 കളികളിൽ നിന്ന് 10.07 എന്ന എക്കോണമിയോടെ വെറും ഒമ്പത് വിക്കറ്റ് മാത്രമാണ് താരത്തിന് നേടാനായത്. സീസണില്‍ 31 സിക്‌സറുകളാണ് സിറാജ് വഴങ്ങിയത്.
ഇതോടെ ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ വഴങ്ങുന്ന ബൗളറെന്ന മോശം റെക്കോഡും സിറാജന്‍റെ തലയിലായി. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ തനിക്ക് ശക്തമായി തിരിച്ച് വരാനാവുമെന്ന പ്രതീക്ഷയിലാണ് താരം.
"ഈ വർഷം എനിക്ക് ഒരു മോശം ഘട്ടമായിരുന്നു, എന്നാൽ കഠിനാധ്വാനത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തും. എന്‍റെ ശക്തിയിലും കഴിവിലും ഞാന്‍ വിശ്വസിക്കുന്നു" സിറാജ് പറഞ്ഞു. ഈ സീസണില്‍ മികച്ച പ്രകടനം നടത്താനായിരുന്നില്ലെങ്കിലും കഴിഞ്ഞ രണ്ട് സീസണുകളില്‍ തന്‍റെ പ്രകടനത്തിന്‍റെ ഗ്രാഫ് ഉയർന്നിരുന്നുവെന്ന് സിറാജ് ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരങ്ങളില്‍ തിളങ്ങാന്‍ സിറാജിന് കഴിഞ്ഞിരുന്നു. അഞ്ച് മത്സര പരമ്പരയില്‍ അവസാന മത്സരം കൊവിഡിനെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. ജൂലൈ ഒന്ന് മുതല്‍ അഞ്ച് ബർമിങ്ഹാമിലാണ് മത്സരം നടക്കുക.
ഈ ടെസ്റ്റിനുള്ള തന്‍റെ തയ്യാറെടുപ്പുകള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും സിറാജ് വ്യക്തമാക്കി. ഇംഗ്ലീഷ് സാഹചര്യങ്ങള്‍ ബൗളർമാർക്ക് സഹായകമാണെന്നും സിറാജ് പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായുള്ള മത്സരം നിര്‍ണായകമാണെന്നും പരമ്പരയില്‍ 2-1ന്‍റെ മുന്‍ തൂക്കമുള്ളതിനാല്‍ ആത്മവിശ്വാസമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
also read:ഐപിഎല്ലോടെ കഥ മാറി; മില്ലര്‍ മുതല്‍ക്കൂട്ടാവുമെന്ന് ടെംബ ബവുമ
മത്സരത്തില്‍ വിക്കറ്റ് നേടാനായില്ലെങ്കിലും എതിര്‍ ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും താരം വ്യക്തമാക്കി. സ്ഥിരതയോടെ ലൈനും ലെങ്തും പുലര്‍ത്തുകയെന്നതാണ് പ്രധാനമെന്നും സിറാജ് കൂട്ടിച്ചേര്‍ത്തു.