ഡബ്ലിൻ: അയർലൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ രണ്ട് താരങ്ങൾക്ക് അരങ്ങേറ്റത്തിന് അവസരം നൽകുമെന്ന് ക്യാപ്‌റ്റൻ ഹാർദിക് പാണ്ഡ്യ. അയർലൻഡിനെ നിസാരമായി കണുന്നില്ലെന്നും മികച്ച ടീമിനെ തന്നെ കളത്തിലിറക്കുകയാണ് ലക്ഷ്യമെന്നും ഇന്ത്യൻ നായകൻ കൂട്ടിച്ചേർത്തു. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടതോടെ അവസാന മൂന്ന് മത്സരങ്ങളില്‍ പുതുമുഖ താരങ്ങൾക്ക് അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചിരുന്നില്ല.
'ഞങ്ങൾക്ക് പുതിയ ആളുകൾക്ക് അവസരം നൽകണം, പക്ഷേ ഞങ്ങളുടെ ഏറ്റവും മികച്ച ഇലവനെ കളിപ്പിക്കാനും ആഗ്രഹിക്കുന്നു. രണ്ട് താരങ്ങൾക്കുള്ള അവസരം ഉണ്ടാകും, എന്നാൽ എന്തിനേക്കാളും കൂടുതൽ, ഞങ്ങൾക്ക് മികച്ച ഇലവൻ ഉണ്ടെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്.' ആദ്യ മത്സരത്തിന് മുന്നോടിയായി ഹാർദിക് പാണ്ഡ്യ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തേയും, നായകനെന്ന ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഞാൻ ഇഷ്‌ടപ്പെട്ടിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്, എന്നാൽ ഇപ്പോൾ ഉത്തരവാദിത്തം അൽപ്പം കൂടുതലാണ്. ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ ഞാൻ നന്നായി ചെയ്യുമെന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. ധോണിയുടെയും കോലിയുടെയും നേതൃത്വഗുണങ്ങളെക്കുറിച്ച് ഒരുപാട് പഠിച്ചുവെന്നും എന്നാൽ ഓരോ ക്യാപ്റ്റനും അവരുടേതായ ശൈലിയുണ്ടെന്നും പറഞ്ഞു. ധോണിയിൽ നിന്നും കോലിയിൽ നിന്നും ഒരുപാട് കാര്യങ്ങൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും എനിക്ക് എന്‍റേതായ രീതികളുണ്ട്. കളിയെക്കുറിച്ചുള്ള എന്‍റെ ധാരണ വ്യത്യസ്‌തമാണ്. ഹാർദിക് കൂട്ടിച്ചേർത്തു.
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. ആദ്യ സീസണിൽ തന്നെ ഗുജറാത്ത് ടൈറ്റന്‍സ് കിരീടമുയർത്തിയപ്പോള്‍ 15 മത്സരങ്ങളില്‍ 487 റണ്‍സും എട്ട് വിക്കറ്റും ഹാർദിക് പാണ്ഡ്യ നേടിയിരുന്നു. 2021ലെ ടി20 ലോകകപ്പിന് ശേഷം ഒരു മത്സരം പോലും കളിക്കാത്ത ഹാര്‍ദിക് ഐപിഎല്ലില്‍ തിളങ്ങുമോ എന്ന സംശയം സജീവമായിരുന്നു.