പത്ത്വര്‍ഷം മുന്‍പ് ഇതുപോലൊരു ജൂണ്‍ 23ന് ആയിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം (Indian Cricket Team) അവസാനമായിട്ടൊരു ഐസിസി (ICC) കിരീടത്തില്‍ മുത്തമിട്ടത്. ബിര്‍മിങ്‌ഹാം എഡ്‌ജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചുകൊണ്ടായിരുന്നു എംഎസ് ധോണിക്ക് (MS Dhoni) കീഴിലുള്ള ഇന്ത്യന്‍ യുവസംഘം കിരീട നേട്ടം ആഘോഷിച്ചത്...
അടിമുടി മാറ്റങ്ങളുമായിട്ടായിരുന്നു ചാമ്പ്യന്‍സ് ട്രോഫിയില്‍ (Champions Trophy) പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് എത്തിയത്. പല മുതിര്‍ന്ന താരങ്ങള്‍ക്കും ടീമിലെ സ്ഥാനം നഷ്‌ടമായി. അതുപോലെ തന്നെ പുതിയ പല കാര്യങ്ങളും ഇന്ത്യന്‍ ടീമില്‍ ആരംഭിച്ചതും ഇവിടെ നിന്നായിരുന്നു.
ഇന്ത്യന്‍ ടീമിന്‍റെ ഓപ്പണര്‍മാരായി ശിഖര്‍ ധവാനും രോഹിത് ശര്‍മയും കളം നിറഞ്ഞു. പിന്നാലെ വിരാട് കോലിയും ദിനേശ് കാര്‍ത്തിക്കും, കരുത്തായി സുരേഷ് റെയ്‌നയും എംഎസ് ധോണിയും മികവ് കാട്ടി.
ഓള്‍ റൗണ്ട് പ്രകടനവുമായി ജഡേജയും ഇന്ത്യയുടെ സൂപ്പര്‍ സ്റ്റാറായി. പന്ത് കൊണ്ട് ഇഷാന്ത് ശര്‍മയും അശ്വിനും ഇന്ത്യയുടെ രക്ഷകരായി. ഒരു മത്സരം പോലും തോല്‍ക്കാതെ ആയിരുന്നു ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ നിന്നും കിരീടവുമായി തിരികെ പറന്നത്...
ചാമ്പ്യന്‍സ് ട്രോഫി കിരീടവുമായി ഇന്ത്യന്‍ ടീം
മഴകളിച്ച ഫൈനല്‍:ടൂര്‍ണമെന്‍റിന്‍റെ രണ്ടാം സെമി ഫൈനലില്‍ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകര്‍ത്തായിരുന്നു ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്. മറുവശത്ത് കരുത്തരായ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു ഇംഗ്ലണ്ടിന്‍റെ മുന്നേറ്റം. മഴ രസംകൊല്ലിയായി എത്തിയ ഫൈനല്‍ 20 ഓവര്‍ ആക്കി വെട്ടിച്ചുരുക്കിയായിരുന്നു നടത്തിയത്.
കലാശപ്പോരില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാനെത്തി. പ്രതീക്ഷിച്ചപ്പോലൊരു തുടക്കമായിരുന്നില്ല ഇന്ത്യയ്‌ക്ക് മത്സരത്തില്‍ ലഭിച്ചത്. മത്സരത്തില്‍ 13 ഓവര്‍ പിന്നിട്ടപ്പോള്‍ 66-5 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് ക്രീസിലൊന്നിച്ച വിരാട് കോലി രവീന്ദ്ര ജഡേജ സഖ്യമാണ് ടീമിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.
ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 47 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഈ കൂട്ടുകെട്ടിന്‍റെ ബലത്തില്‍ ഇന്ത്യ 129 റണ്‍സാണ് നേടിയത്. വിരാട് കോലി 34 പന്തില്‍ 43 റണ്‍സ് നേടി പുറത്തായപ്പോള്‍ ജഡേജ 33 റണ്‍സുമായി പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന്‍റെ തുടക്കവും അത്ര ഗംഭീരമായിരുന്നില്ല. 8.4 ഓവറില്‍ സ്‌കോര്‍ബോര്‍ഡില്‍ 46 റണ്‍സ് ആയപ്പോഴേക്കും അവര്‍ക്ക് നാല് വിക്കറ്റുകള്‍ നഷ്‌ടമായി. പിന്നീടൊന്നിച്ച ഒയിന്‍ മോര്‍ഗനും രവി ബൊപ്പാറയും ചേര്‍ന്ന് ഇന്ത്യയില്‍ നിന്നും കളിയുടെ നിയന്ത്രണം പതിയെ ഏറ്റെടുത്തു.
അഞ്ചാം വിക്കറ്റില്‍ ഇവര്‍ 64 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കിയതോടെ ഇന്ത്യ മത്സരം കൈവിട്ടുവെന്ന തോന്നല്‍ ആരാധകരിലുണ്ടായി. എന്നാല്‍ 18-ാം ഓവറാണ് മത്സരത്തില്‍ വഴിത്തിരിവായി മാറിയത്. ഈ ഓവര്‍ എറിയാനെത്തിയ ഇഷാന്ത് ശര്‍മ, ഇംഗ്ലണ്ടിനായി നിലയുറപ്പിച്ച് കളിച്ച രണ്ട് ബാറ്റര്‍മാരെയും പുറത്താക്കി.
പിന്നീട് പന്തെറിയാനെത്തിയ രവീന്ദ്ര ജഡേജ ജോസ് ബട്‌ലറിനെയും ക്ലീന്‍ ബൗള്‍ഡ് ആക്കിയതോടെ ഇന്ത്യന്‍ ക്യാമ്പിലും ചെറിയ ആഘോഷങ്ങള്‍ തുടങ്ങി. അവസാന ഓവറില്‍ 15 റണ്‍സ് ആയിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.
എന്നാല്‍, ഈ ഓവര്‍ പന്തെറിഞ്ഞ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ഇംഗ്ലീഷ് ബാറ്റര്‍മാരെ എറിഞ്ഞു കുരുക്കി. ഒടുവില്‍ അഞ്ച് റണ്‍സിന്‍റെ വിജയവും ഇന്ത്യ സ്വന്തമാക്കി. ഈ ജയത്തോടെ ഐസിസിയുടെ മൂന്ന് കിരീടങ്ങളും നേടുന്ന ആദ്യത്തെ നായകന്‍ എന്ന നേട്ടം ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്രസിങ് ധോണി സ്വന്തമാക്കുകയും ചെയ്‌തു.
കിരീടങ്ങളില്ലാതെ പത്താണ്ട്...:2013ല്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ ഇന്ത്യയ്‌ക്ക് പിന്നീട് ഒരിക്കലും ഒരു ഐസിസി കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്‌തവം. പിന്നീട് നടന്ന പല ടൂര്‍ണമെന്‍റുകളിലും 'ഫേവറൈറ്റ്‌സുകളായി' എത്തിയ ഇന്ത്യയ്‌ക്ക് ആരാധകരുടെ പ്രതീക്ഷ കാക്കാന്‍ സാധിച്ചിട്ടില്ല.
Also Read:WI vs IND | ' നായകന് വിശ്രമമില്ല'; വിന്‍ഡീസ് പര്യടനത്തിലും രോഹിത് തന്നെ നയിക്കുമെന്ന് ബിസിസിഐ പ്രതിനിധി