തിരുവനന്തപുരം :കാര്യവട്ടം ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം. ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ 317 റണ്ണിനാണ് ലങ്കയെ ടീം ഇന്ത്യ അടിയറവുപറയിച്ചത്. 73 റണ്ണെടുക്കുന്നതിനിടെ ലങ്കയുടെ എല്ലാവരും പുറത്തായി.
ഏകദിനത്തിലെ ഏറ്റവും വലിയ ജയം എന്ന റെക്കോഡും ഇന്ത്യ സ്വന്തമാക്കി. മൂന്ന് മത്സരങ്ങള്‍ ജയിച്ച് പരമ്പര തൂത്തുവാരുകയും ചെയ്‌തു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, കോലിയുടെയും ഗില്ലിന്‍റെയും സെഞ്ചുറികളാല്‍ 390 റണ്ണിന്‍റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. പക്ഷേ എതിരാളികള്‍ 73 ല്‍ അവസാനിച്ചു.
എന്‍ഡ് ടു എന്‍ഡ് ത്രില്ലര്‍ :ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രീലങ്കയെ ഫീല്‍ഡിങ്ങിന് അയയ്‌ക്കുകയായിരുന്നു. പിന്നീട് കാര്യവട്ടം കണ്ടത് ഇന്ത്യന്‍ ബാറ്റര്‍മാരുടെ അഴിഞ്ഞാട്ടമായിരുന്നു. മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലും ഇന്ത്യയ്‌ക്ക് നല്‍കിയത്. രോഹിത് കരുതലോടെ തുടങ്ങിയപ്പോള്‍ ഗില്ലാണ് കൂടുതല്‍ ആക്രമിച്ച് കളിച്ചത്.
കസുന്‍ രജിതയുടെ ആദ്യ ഓവര്‍ മെയ്‌ഡന്‍ ആയപ്പോള്‍ ലഹിരു കുമാരയുടെ രണ്ടാം ഓവറിലെ രണ്ടാം പന്തിലാണ് ഇന്ത്യ അക്കൗണ്ട് തുറന്നത്. തുടര്‍ന്ന് ആദ്യ പത്ത് ഓവറില്‍ ഇരുവരും ചേര്‍ന്ന് 75 റണ്‍ ചേര്‍ത്തു. 16ാം ഓവറിന്‍റെ രണ്ടാം പന്തില്‍ രോഹിത്തിനെ പുറത്താക്കി ചാമിക കരുണരത്‌നെ ലങ്കയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കി.
'രാജാവിന്‍റെ' വരവ് : 49 പന്തില്‍ 42 റണ്ണെടുത്ത രോഹിത് പുറത്താവുമ്പോള്‍ 95 റണ്ണായിരുന്നു ഇന്ത്യന്‍ സ്‌കോര്‍. രണ്ട് ഫോറുകളും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതാണ് രോഹിത്തിന്‍റെ ഇന്നിങ്‌സ്. പിന്നാലെ എത്തിയ വിരാട് കോലി ലങ്കയെ വെള്ളം കുടിപ്പിച്ചു. രണ്ടാം വിക്കറ്റില്‍ 131 റണ്ണാണ് ഇരുവരും ഇന്ത്യന്‍ ടോട്ടലിലേക്ക് ചേര്‍ത്തത്. നാലാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ (32 പന്തില്‍ 38) കോലിക്ക് പിന്തുണ നല്‍കിയെങ്കിലും ആ കൂട്ടുകെട്ട് കൂടുതല്‍ സമയം നിലനിന്നില്ല. കുമാരയുടെ പന്തില്‍ വിക്കറ്റ് സമ്മാനിച്ച് ശ്രേയസ് മടങ്ങി.
ചരിത്രം പിറന്ന സെഞ്ചുറി: തൊട്ടുപിന്നാലെ എത്തിയ കെ.എല്‍ രാഹുല്‍ (7), സൂര്യകുമാര്‍ യാദവ് (4) എന്നിവര്‍ പെട്ടെന്ന് മടങ്ങിയെങ്കിലും കോലി ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. 13 ഫോറുകളും എട്ട് സിക്‌സുകളും അടങ്ങുന്നതാണ് കോലിയുടെ തട്ടുപൊളിപ്പന്‍ ഇന്നിങ്‌സ്. മാത്രമല്ല പരമ്പരയില്‍ താരത്തിന്‍റെ രണ്ടാമത്തേയും ഫോര്‍മാറ്റില്‍ 46ാമത്തേയും സെഞ്ചുറിയാണിത്.
ഇതോടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികളെന്ന ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് കോലി മറികടന്നു. സ്വന്തം മണ്ണില്‍ കോലി 21ാം തവണയാണ് മൂന്നക്കം കടക്കുന്നത്. 20 സെഞ്ചുറികളാണ് സച്ചിന്‍റെ അക്കൗണ്ടിലുള്ളത്. അവസാന ഓവറുകളില്‍ കോലിക്കൊപ്പം അക്‌സര്‍ പട്ടേലും (2) പുറത്താവാതെ നിന്നതോടെ ഇന്ത്യ 390 ന് അഞ്ച് എന്ന നിലയില്‍ കളി അവസാനിപ്പിച്ചു. ശ്രീലങ്കയ്‌ക്കായി കസുന്‍ രജിത, ലഹിരു കുമാര എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.
നിലയുറപ്പിക്കാനാകാതെ : രണ്ടാമതായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്‌ക്ക് മികച്ച രീതിയില്‍ തുടങ്ങാനുള്ള അവസരം പോലും ഇന്ത്യന്‍ ബോളര്‍മാര്‍ നല്‍കിയില്ല. രണ്ടാമത്തെ ഓവറിലെ അവസാന പന്തില്‍ അവിഷ്‌ക ഫെര്‍ണാണ്ടോയെ മടക്കി സിറാജ് വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടു. നാല് പന്തുകളില്‍ നിന്നായി ഒരു റണ്‍ മാത്രം നേടി അവിഷ്‌ക ക്രീസ് വിടുമ്പോള്‍ ശ്രീലങ്കയുടെ സ്‌കോര്‍കാര്‍ഡില്‍ ഏഴ് റണ്‍ മാത്രമായിരുന്നു സമ്പാദ്യം. നാലാമത്തെ ഓവറിലെ അവസാന പന്തില്‍ കുശാല്‍ മെന്‍ഡിസിനെ കളത്തിന് പുറത്തേക്കയച്ച് സിറാജ് ശക്തികാട്ടി.
വീഴ്‌ച പൂര്‍ണം :ഒന്നിനുപിറകെ ഒന്നായി ചരിത് അസലങ്കയെയും നുവനീതു ഫെര്‍ണാണ്ടോയും വനിന്തു ഹസരങ്കയെയും ചമിക കരുണരത്നയെയും ദസുന്‍ ശനകയെയും ഇന്ത്യന്‍ ബോളര്‍മാര്‍ തിരിച്ചയച്ചപ്പോള്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ അമ്പത് റണ്‍സ് എന്ന പരാജയത്തിന്‍റെ പടുകുഴിയിലെത്തിയിരുന്നു ശ്രീലങ്ക. പിന്നീട് വന്ന ദുനിത് വെല്ലലഗെയെയും ലാഹിരു കുമാരയെയും വീഴ്‌ത്തി നീലപ്പട ശ്രീലങ്കയുടെ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ചു.
മത്സരത്തില്‍ നാല് വിക്കറ്റുകള്‍ വീഴ്‌ത്തി മുഹമ്മദ് സിറാജും രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവുമാണ് ശ്രീലങ്കന്‍ ബാറ്റിങ്ങിന്‍റെ വേരറുത്തത്. ഇതോടെ ഏകദിന ക്രിക്കറ്റില്‍ അയര്‍ലന്‍ഡിനെതിരെ ന്യൂസിലാന്‍ഡ് നേടിയ 290 റണ്‍ വിജയമെന്ന ഇതുവരെയുള്ള റെക്കോര്‍ഡാണ് ഇന്ത്യ തിരുത്തിക്കുറിച്ചത്.