ബെംഗളൂരു:രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യ - ശ്രീലങ്ക ക്രിക്കറ്റ് ടീമുകൾ ബെംഗളൂരുവിലെത്തി. മാർച്ച് 12 ന് ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ഏക പിങ്ക് ബോൾ ടെസ്‌റ്റ് നടക്കുന്നത്. മത്സരത്തിന് മുന്നോടിയായി ഇരുടീമുകളും പിങ്ക് പന്തിൽ പരിശീലനം ആരംഭിച്ചു.
ടീമുകൾക്കായി കർശനമായ ബയോ ബബിൾ സംവിധാനമാണ് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സജ്ജീകരിച്ചിട്ടുള്ളത്. കൊവിഡ് മൂലം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികൾ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് സാക്ഷ്യം വഹിക്കും.
അതുകൊണ്ട് തന്നെ ആരാധകർക്കിടയിൽ ആകാംക്ഷ വളരെ കൂടുതലാണ്. ടിക്കറ്റെടുക്കാനായി സ്റ്റേഡിയത്തിന് പുറത്ത് നീണ്ട ക്യൂവായിരിന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ടിക്കറ്റുകൾ വിറ്റുതീർന്നിരുന്നു.
ALSO READ: ചാമ്പ്യന്‍സ് ലീഗ്: കടം വീട്ടി ബെന്‍സിമ, പിഎസ്‌ജി പുറത്ത്; റയലും സിറ്റിയും മുന്നോട്ട്
കൊവിഡ് മുൻകരുതൽ എന്ന നിലയിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്‌സിനും 222 റൺസിനും ജയിച്ചു. ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ ടെസ്‌റ്റും തൂത്തുവാരാനാവും രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീമിന്‍റെ ശ്രമം. ജയത്തോടെ ടെസ്‌റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം ഭദ്രമാക്കാനും ഇന്ത്യക്കാവും.