മുംബൈ:ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ പാകിസ്ഥാന് എതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിലെ ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ വെറ്ററന്‍ പേസര്‍ പേസര്‍ മുഹമ്മദ് ഷമിയ്‌ക്ക് (Mohammed Shami) ഇടം ലഭിച്ചിരുന്നില്ല. ജസ്‌പ്രീത് ബുംറ (Jasprit Bumrah), മുഹമ്മദ് സിറാജ് (Mohammed Siraj) എന്നിവരോടൊപ്പം മൂന്നാം പേസറായി ശാര്‍ദുല്‍ താക്കൂറായിരുന്നു (Shardul Thakur ) ടീമിലെത്തിയത്. ഷമിയെ പുറത്തിരുത്തിയ മാനേജ്‌മെന്‍റിന്‍റെ തീരുമാനം ബാറ്റിങ് ഡെപ്‌ത്ത് കൂട്ടാനായിരുന്നു എന്നാണ് പൊതുവെ സംസാരം.
മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ്ങിന് ശേഷം മഴ കളിച്ചതോടെ ഇന്ത്യന്‍ ബോളിങ് യൂണിറ്റ് പരീക്ഷിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ടൂര്‍ണമെന്‍റിന്‍റെ സൂപ്പര്‍ ഫോര്‍ ഘട്ടത്തിലൂടെ വീണ്ടും ഇന്ത്യ-പകിസ്ഥാന്‍ (India vs Pakistan) ടീമുകള്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ്. മത്സരത്തില്‍ മുഹമ്മദ് ഷമിയ്‌ക്ക് അവസരം നല്‍കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ് (Harbhajan Singh Wants Mohammed Shami in Indian playing XI against Pakistan).
മുഹമ്മദ് സിറാജിനേക്കാള്‍ പ്ലേയിങ് ഇലവനില്‍ വേണ്ടത് മുഹമ്മദ് ഷമിയാണെന്നും ഷമിയുടെ പരിചയസമ്പത്ത് ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് ഹര്‍ഭജന്‍ സിങ് (Harbhajan Singh on Mohammed Shami) പറയുന്നത്. "പാകിസ്ഥാനെതിരെ തീര്‍ച്ചയായും മുഹമ്മദ് ഷമി കളിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. പരിചയസമ്പത്ത് ഒരിക്കലും വാങ്ങാന്‍ കഴിയുന്നതല്ല.
ഷമിയെപ്പോലെ പരിചയസമ്പന്നനായ ഒരു കളിക്കാരൻ പുറത്ത് ഇരിക്കുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ സിറാജിന് മുമ്പ് ഷമിയുണ്ടാവണം. ഇനി സിറാജിനെ കളിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ശാർദുൽ താക്കൂറിൽ നിന്നുള്ള ബാറ്റിങ് പ്രതീക്ഷിക്കരുത്.