സിഡ്‌നി: ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിൽ എത്തിയ ഇന്ത്യൻ ടീം നിലവിൽ നെതർലൻഡ്‌സിനെതിരായ മത്സരത്തിനായി സിഡ്‌നിയിലാണ്. വ്യാഴാഴ്‌ചയാണ് നെതർലൻഡ്‌സിനെതിരായ ഇന്ത്യയുടെ മത്സരം. അതേസമയം സിഡ്‌നിയിലെ പരിശീലനത്തിന് ശേഷം മോശം ഭക്ഷണം നൽകി എന്ന ആരോപണവുമായി ഇന്ത്യൻ ടീം രംഗത്തെത്തി. ഗുണനിലവാരമില്ലാത്ത തണുത്ത സാൻഡ്‌വിച്ചുകൾ മാത്രമാണ് പരിശീലനത്തിന് ശേഷം നൽകിയതെന്നാണ് ഇന്ത്യൻ ടീമിന്‍റെ പരാതി.
നൽകിയത് തണുത്ത സാൻഡ്‌വിച്ച് മാത്രം; ഭക്ഷണം ബഹിഷ്‌കരിച്ച് ഇന്ത്യൻ ടീം, പ്രതിഷേധം - ഇന്ത്യൻ ടീമിനാണ് ഗുണനിലവാരമില്ലാത്ത ഭക്ഷണം
സിഡ്‌നിയിൽ പരിശീലനത്തിനിറങ്ങിയ ഇന്ത്യൻ ടീമിനാണ് ഗുണനിലവാരമില്ലാത്ത ഭക്ഷണം നൽകിയത്
ഇതേതുടർന്ന് ഇന്ത്യൻ ടീം അംഗങ്ങൾ ഉച്ചഭക്ഷണം ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. പരിശീലന സ്ഥലത്തുനിന്ന് കിലോമീറ്ററുകൾക്കപ്പുറമുള്ള താമസ സ്ഥലത്തെ ഹോട്ടലിൽ വന്നാണ് താരങ്ങൾ ഉച്ചഭക്ഷണം കഴിച്ചത്. ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് താരങ്ങൾക്ക് നൽകിയതെന്നും പരിശീലനത്തിന് ശേഷം എത്തുമ്പോൾ വെറും സാൻഡ്‌വിച്ച് മാത്രം നൽകിയാൽ മതിയാകില്ലെന്നും ടീം മാനേജ്‌മെന്‍റ് അറിയിച്ചു.
സംഭവത്തിൽ ടീം മാനേജ്‌മെന്‍റ് ഔദ്യോഗികമായി ഐസിസിക്ക് പരാതി നൽകിയിട്ടുണ്ട്. ഇന്ത്യന്‍ ടീമിന് ചൊവ്വാഴ്‌ച നിര്‍ബന്ധിത പരിശീലനമില്ലായിരുന്നെങ്കിലും വിരാട് കോലി, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍, ദീപക് ഹൂഡ എന്നിവരെല്ലാം സിഡ്‌നിയില്‍ പരിശീലനത്തിന് ഇറങ്ങിയിരുന്നു. ചില താരങ്ങൾ കുടുംബവുമൊത്ത് പുറത്ത് കറങ്ങാനിറങ്ങി.