മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിന്‍റെ പുതിയ ജേഴ്‌സി പുറത്തിറക്കി ബിസിസിഐ. സ്‌കൈ ബ്ലൂ നിറത്തിലുള്ളതാണ് പുതിയ ജേഴ്‌സി. ഇതിൽ കടും നീല നിറത്തിലുള്ള ഷേയ്‌ഡുകളും നൽകിയിട്ടുണ്ട്. കൈകളുടെ ഭാഗത്ത് കടും നീല നിറവും നൽകിയിട്ടുണ്ട്. എംപിഎല്‍ സ്പോര്‍ട്‌സ് ആണ് ടീമിന്‍റെ കിറ്റ് സ്‌പോണ്‍സർമാർ.
ബിസിസിഐയും സ്പോണ്‍സർമാരായ എംപിഎല്ലും ചേർന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഔദ്യോഗിക ടി20 ജേഴ്‌സി പുറത്തിറക്കിയത്. കഴിഞ്ഞ വർഷം യുഎഇയിലെ ടി20 ലോകകപ്പിന് മുൻപായും ബിസിസിഐ ടീമിന്‍റെ ജേഴ്‌സിയിൽ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഓസ്ട്രേലിയയില്‍ ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് ഇത്തവണത്തെ ടി20 ലോകകപ്പ് നടക്കുക.
ഇതിന് മുമ്പ് 2007-08 കാലത്തായിരുന്നു ഇന്ത്യൻ ടീം സ്‌കൈ ബ്ലൂ നിറത്തിലുള്ള ജേഴ്‌സിയണിഞ്ഞത്. 2007ലെ ഏകദിന ലോകകപ്പിനായാണ് അന്ന് ജേഴ്‌സി പുറത്തിറക്കിയത്. പിന്നാലെ പ്രഥമ ടി20 ലോകകപ്പ് ഇന്ത്യ ഉയർത്തിയതും സമാനമായ ഇളം നീല നിറത്തിലുള്ള ജേഴ്‌സിയിലായിരുന്നു.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‍ക്വാഡ്: രോഹിത് ശര്‍മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിങ്
സ്റ്റാന്‍ഡ് ബൈ താരങ്ങള്‍ : മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി, ദീപക് ചാഹര്‍.