മുംബൈ:ഏഷ്യ കപ്പ് (Asia Cup) ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് തുടക്കം കുറിക്കാന്‍ ഇനി രണ്ടാഴ്‌ചയില്‍ താഴെ മാത്രമാണ് സമയം. ടൂര്‍ണമെന്‍റില്‍ ഇന്ത്യയ്‌ക്കായി ആരെല്ലാം കളത്തിലിറങ്ങും എന്നതില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. പ്രധാനമായും കെഎല്‍ രാഹുല്‍ (KL Rahul), ശ്രേയസ് അയ്യര്‍ (Shreyas Iyer) എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തുമോ എന്നറിയാന്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ഫിറ്റ്‌നസ് വീണ്ടെടുത്തുകൊണ്ടിരിക്കുന്ന കെഎല്‍ രാഹുല്‍ ഏകദിന ലോകകപ്പിന് (ODI World Cup) മുന്‍പായി ഏഷ്യ കപ്പിലൂടെ ടീം ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിലവില്‍, ശ്രേയസ് അയ്യരുടെ മടങ്ങിവരവാണ് ആശങ്കയായി തുടരുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ അല്ലെങ്കില്‍ പകരം ആരാകും എത്തുക എന്നതിലാണ് നിലവില്‍ ആരാധകര്‍ക്കും ഉത്തരം ലഭിക്കാത്തത്.
തലവേദനയൊഴിയാത്ത നാലാംനമ്പർ: ഏറെക്കാലമായി ഏകദിന ക്രിക്കറ്റില്‍ team India odi format ഇന്ത്യയുടെ നാലാം നമ്പറില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിരുന്ന താരമാണ് ശ്രേയസ് അയ്യര്‍. നിലവില്‍, അയ്യരുടെ അഭാവം ടീമിന് വലിയ തിരിച്ചടിയാണ്. വലംകയ്യന്‍ ബാറ്ററുടെ അഭാവത്തില്‍ നിരവധി പേരെ നാലാം നമ്പറില്‍ പരീക്ഷിച്ചിട്ടും യഥാർഥ പകരക്കാരനെ ഇതുവരെയും കണ്ടെത്താന്‍ ടീം മാനേജ്‌മെന്‍റിന് സാധിച്ചിട്ടില്ല.
സഞ്ജു സാംസണ്‍ (Sanju Samson), ഇഷാന്‍ കിഷന്‍ (Ishan Kishan), സൂര്യകുമാർ യാദവ് എന്നിവരുള്‍പ്പടെ നിരവധി താരങ്ങള്‍ കഴിഞ്ഞ പരമ്പരകളില്‍ നാലാം നമ്പറില്‍ ടീം ഇന്ത്യയ്‌ക്കായി ബാറ്റ് ചെയ്യാന്‍ എത്തിയെങ്കിലും ഇവരാര്‍ക്കും തന്നെ മികവ് പുലര്‍ത്താനായിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ശ്രേയസ് അയ്യരുടെ അഭാവത്തില്‍ നാലാം നമ്പറില്‍ ആര് ബാറ്റ് ചെയ്യണമെന്ന അഭിപ്രായവുമായി മുന്‍ താരവും ബിസിസിഐ (BCCI) പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലി (Sourav Ganguly) രംഗത്തെത്തിയത്. വിന്‍ഡീസ് പര്യടനത്തിലൂടെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ തിലക് വര്‍മയെ ഇന്ത്യയുടെ നാലാം നമ്പറില്‍ കളിപ്പിക്കണമെന്നാണ് ഗാംഗുലിയുടെ വാദം.