ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ തോൽവിയുടെ ആഘാതത്തിലാണ് ടീം ഇന്ത്യ. ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ വിജയത്തിന്‍റെ ആത്മവിശ്വാസത്തിൽ ഏകദിന പരമ്പരക്കെത്തിയ ഇന്ത്യക്ക് പക്ഷേ ഓസീസിന്‍റെ അപ്രതീക്ഷിത തിരിച്ചടിയിൽ കൈ പൊള്ളുകയായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ഈ തോൽവി ഏകദിന ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ ഇന്ത്യൻ ടീമിന്‍റെ സമയോചിതമായ ഉണർവാണ് ആഹ്വാനം ചെയ്യുന്നത്.
2023 ഒക്‌ടോബർ അഞ്ചിന് ആരംഭിക്കുന്ന ഏകദിന ലോകകപ്പിന് വേണ്ടി തയ്യാറെടുക്കുന്ന ഇന്ത്യയെ സംബന്ധിച്ച് ഏറെ ആശങ്കകൾക്ക് വഴിവെയ്‌ക്കുന്നതാണ് ഓസീസിനെതിരായ പരമ്പരയിലെ തോൽവി. സ്ഥിരതയില്ലാത്ത ഓപ്പണിങ് കൂട്ടുകെട്ടും, നാലാം നമ്പറിൽ ആര് എന്ന ചോദ്യവും, മികച്ച പേസർമാരുടെ അഭാവവും ഇന്ത്യക്ക് ലോകകപ്പിൽ വലിയ വെല്ലുവിളിയാകും. ലോകകപ്പിന് മുന്നോടിയായി എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണേണ്ടത് ടീം ഇന്ത്യക്ക് അത്യാവശ്യമാണ്.
രോഹിത് ശർമക്കൊപ്പം ആര് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും എന്ന ചോദ്യത്തിന് കൃത്യമായൊരു ഉത്തരം ഇതുവരെ കണ്ടെത്താനായിട്ടില്ല. യുവതാരം ശുഭ്‌മാൻ ഗിൽ തന്നെയാകും രോഹിതിനൊപ്പം ഓപ്പണറായി എത്തുക എന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. എന്നാൽ ഇക്കഴിഞ്ഞ ഏകദിന പരമ്പരയിലെ ഗില്ലിന്‍റെ പ്രകടനം താരത്തിന്‍റെ സ്ഥാനങ്ങൾക്ക് ചെറിയ കോട്ടം വരുത്തി എന്ന് പറയാതെ വയ്യ.
അതേസമയം ലോകകപ്പ് പോലുള്ളൊരു വലിയ ടൂർണമെന്‍റിൽ പരിചയ സമ്പന്നനായ ശിഖർ ധവാനെ തിരികെ കൊണ്ട് വരണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഏറെ നാളായി ഇന്ത്യൻ ടീമിന് പുറത്താണ് ധവാൻ. കൂടാതെ ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടി തിളങ്ങിയ ഇഷാൻ കിഷനും ഓപ്പണറായി അവസരം കാത്ത് ടീമിന് പുറത്തുണ്ട്.
ഗോൾഡണ്‍ ഡക്കുകൾ: ടി20യിലെ തകർപ്പൻ പ്രകടനത്തിന്‍റെ പേരില്‍ ഏകദിന ടീമിൽ ഇടം നേടിയ സൂര്യകുമാർ യാദവിന്‍റെ ഹാട്രിക് ഗോൾഡൻ ഡക്കുകളും ടീമിനെ ഞെട്ടിച്ചിട്ടുണ്ട്. താരത്തിന്‍റെ മോശം പ്രകടനം ഇതിനകം തന്നെ കടുത്ത വിമർശനങ്ങൾക്കാണ് വഴിവെച്ചിട്ടുള്ളത്. വരാനിരിക്കുന്ന ലോകകപ്പിൽ പരിക്കിന്‍റെ പിടിയിലായ ശ്രേയസ് അയ്യർക്ക് കളിക്കാൻ സാധിച്ചില്ലെങ്കിൽ നാലാം നമ്പർ പൊസിഷനിലേക്ക് പരിഗണിച്ചിരുന്നത് സൂര്യകുമാറിനെയായിരുന്നു.
എന്നാൽ ഏകദിന പരമ്പരയിലെ പ്രകടനം ലോകകപ്പ് ടീമിലേക്കുള്ള സൂര്യകുമാറിന്‍റെ സ്ഥാനത്തിന് വിള്ളലുണ്ടാക്കി എന്നതാണ് യാഥാർഥ്യം. ആദ്യ രണ്ട് ഏകദിനങ്ങളിൽ മിച്ചൽ സ്റ്റാർക്കിനായിരുന്നു താരത്തിന്‍റെ വിക്കറ്റ് ലഭിച്ചിരുന്നത്. എന്നാൽ അവസാന ഏകദിനത്തിൽ ആഷ്‌ടണ്‍ ആഗറിന്‍റെ ഫ്രണ്ട് ഫൂട്ടിൽ കളിക്കേണ്ടിയിരുന്ന ഒരു ഡെലിവറി ബാക്ക് ഫൂട്ടിൽ കളിച്ച് താരം അനാവശ്യമായി പുറത്താകുകയായിരുന്നു. അതിനാൽ തന്നെ നാലാം നമ്പറിൽ ആരെ ഉറപ്പിക്കും എന്ന ആശയക്കുഴപ്പത്തിലായിരിക്കും ടീം മാനേജ്‌മെന്‍റ്.
ഇന്ത്യയുടെ അടുത്ത ഏകദിന മത്സരങ്ങൾ ജൂലൈയിലാണ് ആരംഭിക്കുന്നത്. ഈ കാലയളവിൽ ശ്രേയസ് അയ്യർക്ക് പരിക്കിൽ നിന്ന് മുക്‌തമായി തിരിച്ചെത്താനായില്ലെങ്കിൽ നാലാം നമ്പറിൽ വീണ്ടും സൂര്യകുമാറിന് അവസരം നൽകാനാണ് സാധ്യത. എന്നാൽ ഈ പൊസിഷനിൽ സൂര്യകുമാറിന് പകരം സഞ്ജു സാംസണെ പരിഗണിക്കണമെന്ന ആവശ്യം ബിസിസിഐ മുഖവിലയ്‌ക്ക് പോലും എടുക്കുന്നില്ല എന്നതാണ് മറ്റൊരു തമാശ.