മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ 15-ാം പതിപ്പ് ഇനി മുതൽ 'ടാറ്റ ഐപിഎൽ' എന്ന് അറിയപ്പെടും. കഴിഞ്ഞ വർഷത്തെ പ്രധാന സ്പോണ്‍സർമാരായ ചൈനീസ് മൊബൈൽ കമ്പനിയായ വിവോയ്‌ക്ക് പകരമാണ് ഇന്ത്യൻ ബിസ്‌നസ് ഭീമൻമാരായ ടാറ്റ ഗ്രൂപ്പ് എത്തുക. ഇന്ന് നടന്ന ഐപിഎൽ ഗവേണിങ് കൗണ്‍സിൽ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. 2022, 2023 സീസണുകളില്‍ ടാറ്റയായിരിക്കും ഐപിഎല്ലിന്‍റെ മുഖ്യ സ്‌പോണ്‍സര്‍മാര്‍. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
2018ല്‍ 2190 കോടി രൂപക്കാണ് വിവോ അഞ്ച് വർഷത്തേക്ക് ഐപിഎല്ലിന്‍റെ മുഖ്യ സ്പോണ്‍സർഷിപ്പ് കരാർ സ്വന്തമാക്കിയത്. എന്നാൽ ഇന്ത്യ-ചൈന നയതന്ത്ര പ്രശ്‌നങ്ങളുടെ പേരില്‍ 2020ല്‍ ഒരു വര്‍ഷത്തേക്ക് വിവോ സ്‌പോണ്‍സര്‍ഷിപ്പ് മരവിപ്പിച്ചിരുന്നു. ഈ സീസണിൽ 222 കോടി രൂപക്ക് ഡ്രീം ഇലവൻ സ്പോണ്‍സർഷിപ്പ് ഏറ്റെടുക്കുകയായിരുന്നു.