ട്രെന്‍റ് ബ്രിഡ്‌ജ്: ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് ടീമിനായി (England Women's Cricket Team) ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ ഡബിള്‍ സെഞ്ച്വറി നേടുന്ന താരമായി ടാമി ബ്യൂമോണ്ട് (Tasmin Beaumont). ഓസ്‌ട്രേലിയക്കെതിരായ (Australia) വനിത ആഷസ് ഏക ടെസ്റ്റ് മത്സരത്തിലാണ് ബ്യൂമോണ്ട് ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഓപ്പണറായി ക്രീസിലെത്തിയ ബ്യൂമോണ്ട് ഒന്നാം ഇന്നിങ്‌സില്‍ 208 റണ്‍സ് നേടി മത്സരത്തിന്‍റെ മൂന്നാം ദിനത്തിലാണ് പുറത്തായത്.
88 വര്‍ഷം പഴക്കമുള്ള റെക്കോഡ് ആയിരുന്നു ഈ ഇരട്ട സെഞ്ച്വറിയോടെ ടാമി ബ്യൂമോണ്ട് തകര്‍ത്തത്. ബെറ്റി സ്നോബോള്‍ (Beti Snowball) 1935ല്‍ ഇംഗ്ലണ്ട് വനിത ടീമിനായി 189 റണ്‍സ് നേടിയിരുന്നു. അന്ന് ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡ് ആയിരുന്നു ഇംഗ്ലീഷ് പടയുടെ എതിരാളികള്‍. ഈ റെക്കോഡ് മറികടന്നാണ് 2023ല്‍ ബ്യൂമോണ്ട് പുതിയ ചരിത്രം സൃഷ്‌ടിച്ചത്.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയന്‍ വനിതകള്‍ ഒന്നാം ഇന്നിങ്‌സില്‍ 473 റണ്‍സ് നേടിയിരുന്നു. അനബെല്‍ സതര്‍ലന്‍ഡിന്‍റെ (Annabel Sutherland) സെഞ്ച്വറിയും എല്ലിസ് പെറിയുടെയും (Ellyse Perry) താഹില മക്‌ഗ്രാത്തിന്‍റെയും (Tahila McGrath) അര്‍ധസെഞ്ച്വറികളുമാണ് കങ്കാരുപ്പടയ്‌ക്ക് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. അനബെല്‍ സതര്‍ലന്‍ഡ് 137 റണ്‍സ് നേടി പുറത്താകാതെ നിന്നു. എല്ലിസ് പെറി 99 റണ്‍സും താഹില 61 റണ്‍സുമാണ് നേടിയത്.
ഈ സ്‌കോര്‍ മറികടക്കാന്‍ ഇറങ്ങിയ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കമാണ് മത്സരത്തില്‍ ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ എമ്മ ലാമ്പിനൊപ്പം (Emma Lamb) ചേര്‍ന്ന് ടാമി ബ്യൂമോണ്ട് 36 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രണ്ടാം വിക്കറ്റില്‍ ക്യാപ്‌റ്റന്‍ ഹീതര്‍ നൈറ്റ് (Heather Knight) ബ്യൂമോണ്ട് സഖ്യം 115 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.