ചറ്റോഗ്രാം : അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ബംഗ്ലാദേശ് (Bangladesh) ഏകദിന ക്രിക്കറ്റ് ടീം നായകന്‍ തമീം ഇഖ്‌ബാല്‍ (Tamim Iqbal). ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മൂന്ന് മാസം ശേഷിക്കെയാണ് തമീമിന്‍റെ അപ്രതീക്ഷിത പ്രഖ്യാപനം. ചറ്റോഗ്രാമില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് താരം വിരമിക്കല്‍ തീരുമാനം അറിയിച്ചത്. അഫ്‌ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് തോല്‍വി വഴങ്ങിയിരുന്നു. ഇതിന് ഒരു ദിവസത്തിന് ശേഷമാണ് നായകന്‍ തമീം ഇഖ്‌ബാല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി അറിയിച്ചത്.
'ഇതാണ് എന്‍റെ കരിയറിന്‍റെ അവസാനം. ടീമിന് വേണ്ടി എന്‍റെ ഏറ്റവും മികച്ചതെല്ലാം ഞാന്‍ നല്‍കി. പരമാവധി ഞാന്‍ ശ്രമിച്ചു. ഈ നിമിഷം മുതല്‍ ഞാന്‍ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു' - തമീം വാര്‍ത്താസമ്മേളനത്തില്‍ വികാരാധീനനായി പറഞ്ഞുവെന്ന് ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്‌തു. എല്ലാ ടീം അംഗങ്ങള്‍ക്കും താരം നന്ദി പറഞ്ഞിരുന്നു.
'ഈ നീണ്ട യാത്രയില്‍ എനിക്കൊപ്പം ഉണ്ടായിരുന്ന എന്‍റെ കുടുംബം, സഹതാരങ്ങള്‍, പരിശീലകര്‍, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എല്ലാവരോടും ഈ സമയം ഞാന്‍ നന്ദി പറയുന്നു. ആരാധകരോടും ഞാന്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. അവര്‍ എനിക്ക് നല്‍കിയ സ്‌നേഹവും, എന്നില്‍ അര്‍പ്പിച്ച വിശ്വാസവും ബംഗ്ലാദേശിന് വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്താന്‍ എന്നെ പലപ്പോഴും പ്രചോദിപ്പിച്ചു. ജീവിതത്തില്‍ മറ്റൊരു അധ്യായത്തിലേക്ക് കടക്കുമ്പോഴും അവരുടെ സ്‌നേഹവും പിന്തുണയും എനിക്കൊപ്പം ഉണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' - തമീം പറഞ്ഞു.
ഏകദിന ക്രിക്കറ്റ് ടീം നായകന്‍ തമീമിന്‍റെ പകരക്കാരനെ ബിസിബി പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ ടെസ്റ്റില്‍ ലിറ്റണ്‍ ദാസാണ് ടീമിനെ നയിക്കുന്നത്. സൂപ്പര്‍ താരം ഷാക്കിബ് അല്‍ ഹസന് കീഴിലാണ് ടീം ടി20 മത്സരങ്ങള്‍ കളിക്കുന്നത്.