ഓക്‌ലന്‍ഡ്:ഐപിഎല്‍ ആവേശത്തിനിടെ നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിന് എതിരെ മിന്നും ജയം സ്വന്തമാക്കി ശ്രീലങ്ക. സൂപ്പര്‍ ഓവറിലേക്ക് നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ആതിഥേയരെ ലങ്ക വീഴ്‌ത്തിയത്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ലങ്ക അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 196 റണ്‍സാണ് നേടിയത്.
അര്‍ധസെഞ്ച്വറി നേടിയ അസലങ്ക (67) കുശാല്‍ പെരേര (53) എന്നിവരാണ് സന്ദര്‍ശകര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. കിവീസിനായി ഓള്‍ റൗണ്ടര്‍ ജിമ്മി നീഷം രണ്ട് വിക്കറ്റ് വീഴ്‌ത്തി. മറുപടി ബാറ്റിങ് തകര്‍ച്ചയോടെയാണ് ന്യൂസിലന്‍ഡ് തുടങ്ങിയത്. മൂന്ന് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ തന്നെ അവര്‍ക്ക് ഓപ്പണര്‍മാരെ നഷ്‌ടമായി. നാലാമനായി ക്രീസിലെത്തിയ ഡാരില്‍ മിച്ചിലിന്‍റെ കരുത്തിലാണ് കിവീസ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്.
44 പന്ത് നേരിട്ട മിച്ചല്‍ 66 റണ്‍സാണ് നേടിയത്. പതിനാറാം ഓവറില്‍ സ്‌കോര്‍ 144ല്‍ നില്‍ക്കെ ആയിരുന്നു ഡാരില്‍ മിച്ചലിന്‍റെ പുറത്താകല്‍. ക്യാപ്‌റ്റന്‍ ടോം ലാഥം (27) മാര്‍ക്ക് ചാപ്‌മാന്‍ (33) എന്നിവരും ടീമിനായി നിര്‍ണായക സംഭാവന നല്‍കി. വാലറ്റത്ത് രചിൻ രവീന്ദ്ര നടത്തിയ വെടിക്കെട്ടാണ് കിവീസ് ഇന്നിങ്‌സില്‍ നിര്‍ണായകമായത്.
13 പന്ത് നേരിട്ട രചിന്‍ 26 റണ്‍സ് അടിച്ചുകൂട്ടി. അവസാന ഓവറില്‍ 12 റണ്‍സായിരുന്നു കിവീസിന് വിജയത്തിലേക്കെത്താന്‍ വേണ്ടിയിരുന്നത്. ലാസ്റ്റ് ഓവറിലെ ആദ്യ പന്തില്‍ രചിന്‍ പുറത്തായപ്പോള്‍ ലങ്ക വിജയം ഏറെക്കുറെ ഉറപ്പിച്ചതാണ്. എന്നാല്‍, അവസാന പന്ത് സിക്‌സര്‍ പറത്തിയതുള്‍പ്പടെ നേരിട്ട നാല് ബോളില്‍ 10 റണ്‍സ് നേടിയ ഇഷ് സോധിയുടെ ബാറ്റിങ് ന്യൂസിലന്‍ഡിന് സമനില സമ്മാനിക്കുകയായിരുന്നു.