ഷാർജ : ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി വെസ്റ്റ് ഇൻഡീസ്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന്‍റെ 142 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 139 റണ്‍സേ നേടാനായുള്ളൂ. തോൽവിയോടെ ബംഗ്ലാദേശ് സെമി കാണാതെ പുറത്തായി.
44 റണ്‍സ് നേടിയ ലിറ്റൻ ദാസിനും, 31 റണ്‍സ് നേടിയ മുഹ്‌മദുള്ളയും മാത്രമാണ് ബംഗ്ലാദേശ് നിരയിൽ പിടിച്ചുനിൽക്കാനായത്. നാലാം ഓവറിൽ തന്നെ ബംഗ്ലാദേശിന്‍റെ ഓപ്പണിങ് താരം ഷാക്കിബ് അൽ ഹസനെ പുറത്താക്കി ആന്ദ്രേ റസലാണ് ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത്. 9 റണ്‍സെടുത്ത ഷാക്കിബ് ഹോൾഡർക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
തൊട്ടടുത്ത ഓവറിൽ മുഹമ്മദ് നയീംനെ പുറത്താക്കി ജേസൻ ഹോൾഡർ ബംഗ്ലാദേശിന് അടുത്ത തിരിച്ചടി നൽകി. 17 റണ്‍സെടുത്ത താരം ക്ലീൻ ബൗൾഡാകുകയായിരുന്നു. എന്നാൽ പിന്നാലെ എത്തിയ ലിറ്റൻ ദാസും സൗമ്യ സർക്കാരും ചേർന്ന് ടീം സ്കോർ മെല്ലെ ഉയർത്തി. ഇരുവരും ചേർന്ന് സ്കോർ 50 കടത്തി.
പത്താം ഓവറിലെ നാലാം പന്തിൽ സൗമ്യ സർക്കാരിനെ പുറത്താക്കി അകെയ്‌ൽ ഹെസെയ്‌ൻ ഈ കൂട്ടുകെട്ട് പൊളിച്ചു. 17 റണ്‍സ് നേടിയ താരം ക്രിസ് ഗെയ്‌ലിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. സൗമ്യ സർക്കാർ മടങ്ങിയതോടെ മുഷ്‌ഫിക്കുർ റഹിമിനെ കൂട്ടുപിടിച്ച് ദാസ് തകർത്തടിച്ച് തുടങ്ങി. ടീം സ്കോർ 90ൽ നിൽക്കെ റഹിമിനെ രവി രാംപോൾ ബൗൾഡാക്കി. 8 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം.
ഇതോടെ ബംഗ്ലാദേശ് 13 ഓവറിൽ 90 റണ്‍സിൽ നാല് വിക്കറ്റ് എന്ന നിലയിലായി. തുടർന്നിറങ്ങിയ മുഹമ്മദുള്ള ലിറ്റൻ ദാസിനോടൊപ്പം ചേർന്ന് സ്കോർ ഉയർത്തി. ഒരു ഘട്ടത്തിൽ ബംഗ്ലാദേശ് വിജയിക്കും എന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളിൽ വിൻഡീസ് ബോളർമാർ പിടിമുറുക്കുകയായിരുന്നു.