മുംബൈ:ടി20 ലോകകപ്പിൽ പങ്കെടുക്കാൻ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ടു. പരിക്കേറ്റ് പുറത്തായ ജസ്‌പ്രീത് ബുംറയ്‌ക്ക് പകരക്കാരനില്ലാതെയാണ് പതിനാലംഗ ഇന്ത്യന്‍ സംഘം യാത്ര തിരിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കുന്നതിനാല്‍ ടീം റിസര്‍വ് താരങ്ങളായ ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ്, രവി ബിഷ്‌ണോയ് എന്നിവര്‍ ഇന്ത്യന്‍ സംഘത്തിനൊപ്പം ചേര്‍ന്നിട്ടില്ല. ഒക്‌ടോബര്‍ 16ന് യോഗ്യത റൗണ്ടുകളോടെ ആരംഭിക്കുന്ന ലോകകപ്പില്‍ 23ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്‌ക്ക് പിന്നാലെ ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളുമായി താരങ്ങള്‍ക്ക് പൊരുത്തപ്പെടുന്നതിന് വേണ്ടി ടീം നേരത്തെ തന്നെ പുറപ്പെടുമെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു. രണ്ടാഴ്‌ചയോളം നീണ്ട പരിശീലന ക്യാമ്പാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത്. പെര്‍ത്തിലാണ് ഇന്ത്യന്‍ ടീമിന്‍റെ പരിശീലനം.
ALSO READ: ടി20 ലോകകപ്പ്: നേരത്തെയുള്ള ഓസ്‌ട്രേലിയന്‍ യാത്ര പ്രധാനം; രഹസ്യം വെളിപ്പെടുത്തി രാഹുല്‍ ദ്രാവിഡ്
സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി രണ്ട് സന്നാഹ മത്സരങ്ങളും ഇന്ത്യ പെര്‍ത്തില്‍ കളിക്കും. ഒക്‌ടോബര്‍ 17ന് നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്‌ട്രേലിയ 19ന് ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരെയാണ് ഇന്ത്യയുടെ സന്നാഹ മത്സരങ്ങള്‍. ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ മത്സരിക്കുന്നത്.
2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ചാമ്പ്യന്മാരായതിന് ശേഷം ഇന്ത്യന്‍ ടീമിന് പിന്നീടൊരിക്കലും കിരീടമുയര്‍ത്താന്‍ സാധിച്ചിട്ടില്ല. ദുബായില്‍ കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ ഫേവറേറ്റുകളായെത്തിയ ഇന്ത്യ സെമി യോഗ്യത പോലും നേടാതെ പുറത്തായിരുന്നു. നാട്ടില്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരെ ടി20 പരമ്പര നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം ലോകകപ്പിന് പുറപ്പെട്ടത്.
ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്‌റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്‌റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, അക്ഷർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്‌ദീപ് സിംഗ്.
സ്‌റ്റാന്‍ഡ്ബൈ താരങ്ങള്‍:ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ്, മൊഹമ്മദ് ഷമി, രവി ബിഷ്‌ണോയ്, ദീപക് ചാഹര്‍