ദുബായ് :ഈ മാസം ആരംഭിക്കുന്ന ടി20 ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് കൂറ്റൻ സമ്മാനത്തുക. വിജയികൾക്ക് 1.6 മില്യൻ യുഎസ് ഡോളറാണ് (12 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് ഏകദേശം ആറ് കോടിരൂപയോളം സമ്മാനമായി ലഭിക്കും. സെമി ഫൈനലിൽ പരാജയപ്പെടുന്ന ടീമുകൾക്ക് 3 കോടി രൂപവീതമാണ് ലഭിക്കുക.
ആകെ 42 കോടി രൂപയാണ് ടൂർണമെന്‍റിന്‍റെ സമ്മാനത്തുക. സൂപ്പർ 12ലെ ഓരോ വിജയത്തിനും 30 ലക്ഷം രൂപ വീതമാണ് പ്രതിഫലം. ഈ ഘട്ടത്തിൽ പുറത്താവുന്ന ടീമുകൾക്ക് 52 ലക്ഷം രൂപ വീതം ലഭിക്കും. യോഗ്യതാമത്സരങ്ങളിലെ വിജയങ്ങൾക്കും യോഗ്യതാഘട്ടത്തിൽ പുറത്താവുന്ന നാല് ടീമുകൾക്കും 30 ലക്ഷം രൂപ വീതം ലഭിക്കും.