ഷാർജ : ടി20 ലോകകപ്പിൽ ശ്രീലങ്കക്കെതിരായ മത്സരത്തിൽ സൗത്ത് ആഫ്രിക്കയ്ക്ക് വിജയം. അവസാന ഓവർ വരെ നീണ്ടുനിന്ന ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ശ്രീലങ്കയുടെ 142 റണ്‍സ് വിജയ ലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ സൗത്ത് ആഫ്രിക്ക മറികടന്നത്. 46 റണ്‍സ് നേടിയ ക്യാപ്‌റ്റൻ ടെംബ ബവുമയാണ് ടീമിനെ വിജയത്തിലേക്ക് എത്തിച്ചത്.
ശ്രീലങ്കയുടെ താരതമ്യേന ഭേദപ്പെട്ട സ്കോർ പിന്തുടർന്നിറങ്ങിയ സൗത്ത് ആഫ്രിക്കയുടെ ഓപ്പണിങ് സഖ്യത്തിന് അധികനേരം പിടിച്ചുനിൽക്കാനായില്ല. റീസ ഹെൻഡ്രിക്‌സ് (11), ക്വിന്‍റൻ ഡി കോക്ക്(12) എന്നിവർ വളരെ പെട്ടന്ന് തന്നെ പുറത്തായി. ഒരേ ഓവറിർ ദുഷ്മന്ത ചമീരയാണ് ഇരുവരെയും പുറത്താക്കിയത്. പിന്നാലെയെത്തിയ റസി വാൻ ഡെർ ദസ്സനും(16) അധിക ആയുസ് ഉണ്ടായിരുന്നില്ല.
ഇതോടെ ടീം തകർച്ചയിലേക്ക് നീങ്ങി. എന്നാൽ ക്യാപ്‌റ്റൻ ടെംബ ബവുമ ടീമിന്‍റെ രക്ഷകനായി അവതരിച്ചു. എയ്‌ഡൻ മാർക്രത്തിനെ കൂട്ടുപിടിച്ച് ക്യാപ്‌റ്റൻ ടീം സ്കോർ മെല്ലെ ഉയർത്തി. എന്നാൽ 19 റണ്‍സ് നേടിയ മാർക്രത്തെ 15-ാം ഓവറിലെ അവസാനപന്തിൽ ഹസരംഗ പുറത്താക്കി. പിന്നാലെ ടീം സ്കോർ 100 കടന്നു.
എന്നാൽ 17-ാം ഓവറിൽ മികച്ച രീതിയിൽ ബാറ്റ് വീശിക്കൊണ്ടിരുന്ന ടെംബ ബവുമയെയും ഹസരംഗ മടക്കി. തൊട്ടടുത്ത പന്തിൽ ഡ്വെയ്ന്‍ പ്രെറ്റോറിയസിനെയും (0) കൂടാരം കയറ്റി ഹസരങ്ക തന്‍റെ ഹാട്രിക് തികച്ചു. ഇതോടെ സൗത്ത് ആഫ്രിക്ക പ്രതിരോധത്തിലായി. ഇതോടെ അവസാന ഓവറിൽ സൗത്ത് ആഫ്രിക്കയുടെ വിജയ ലക്ഷ്യം 15 റണ്‍സായി ഉയർന്നു.